പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനുള്ള ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ചരിത്രപരമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാന്‍ പറഞ്ഞു.
ഇപ്പോഴത്തെ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു തീരുമാനമാണിത്. സാധാരണ ജനങ്ങള്‍ക്ക് വാദിയായോ പ്രതിയായോ പോലീസ് സ്റ്റേഷനില്‍ കയറുവാന്‍ ഭയമാണ്. സത്യം മൂടിവെച്ചുകൊണ്ട് എങ്ങനെയൊക്കെ ജനങ്ങളെ ഉപദ്രവിക്കാമോ അങ്ങനെയൊക്കെ ചെയ്യുവാന്‍ ചുരുക്കംചില പോലീസ് ഉദ്യോഗസ്ഥരെങ്കിലും തയ്യാറാകുന്നുണ്ട്. ഇത് പോലീസ് സേനക്ക് മൊത്തത്തില്‍ കളങ്കമാകാറുണ്ട്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് തുത്തുക്കുടിയില്‍ നടന്നത്. വ്യാപാരിയായ അച്ഛനെയും മകനെയും അതിക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ഇന്ത്യയിലെ വ്യാപാരസമൂഹം ഒരിക്കലും മറക്കില്ല. ആരെയും പിടികൂടി എന്തുകുറ്റവും അടിച്ചേല്‍പ്പിക്കുകയാണ്. അധികാരവും പദവിയും ദുരുപയോഗം ചെയ്ത് നിരപരാധികളെ പീഡിപ്പിക്കുന്ന നടപടിക്ക് വിരാമം കുറിക്കുവാന്‍ പുതിയ തീരുമാനത്തിനു കഴിയും. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാവിധ പിന്തുണയും നല്‍കുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കൂടിയായ ഏ.ജെ ഷാജഹാന്‍ പറഞ്ഞു.
ജനറൽ സെക്രട്ടറി കെ ഇ മാത്യു, ട്രഷറർ കൂടൽ ശ്രീകുമാർ, വൈസ് പ്രസിഡൻ്റുമാരായ എം സലീം, വിനോദ് സെബാസ്റ്റ്യൻ, പ്രസാദ് ആനന്ദ ഭവൻ, നൗഷാദ് റാവുത്തർ , അജയകുമാർ പന്തളം, ജി തോമസുകുട്ടി എന്നിവരും യോഗത്തിൽ പങ്കെടുത്തു.