മുംബയ് : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന നാലുവയസുകാരനെ കടിച്ചെടുത്ത് പുള്ളിപ്പുലി കാട്ടിലേക്ക് കുതിച്ചുപാഞ്ഞു. കണ്ടുനിന്നവര്‍ക്ക് നിലവിളിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. എന്നാല്‍ കുട്ടിയുടെ അമ്മാവന്‍ ധൈര്യം കൈവിടാതെ പുലിക്കുപിന്നാലെ പാഞ്ഞു. ഒടുവില്‍ കുട്ടിയെ പുലിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തി. മുംബയിലെ ആരെ മില്‍ക്ക് കോളനിയില്‍ കഴിഞ്ഞദിവസമാണ് സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവം നടന്നത്.
സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നാണ് ഈ പ്രദേശം. അതിനാല്‍ തന്നെ മിക്കപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ പ്രദേശവാസികള്‍ നേരിടാറുണ്ട്. വീടിനുമുന്നില്‍ കളിക്കുകയായിരുന്ന ആയുഷിനെയാണ് പുലി ആക്രമിച്ചത്. ബന്ധുക്കള്‍ ഉള്‍പ്പടെ നിരവധിപേര്‍ സമീപത്തുണ്ടായിരുന്നെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനായില്ല. മറ്റുള്ളവര്‍ അന്തിച്ചുനില്‍ക്കെയാണ് കുട്ടിയുടെ അമ്മാവന്‍ വിനോദ് കുമാര്‍ ധൈര്യം സംഭരിച്ച് ഒച്ചയുണ്ടാക്കിക്കൊണ്ട് പുലിക്ക് പിന്നാലെ പായുകയായിരുന്നു. ഈ സമയം കുഞ്ഞിനെയും വലിച്ചിഴച്ച് പുലി മുപ്പതടിയോളം കാട്ടിലേക്ക് കടന്നിരുന്നു.
‘ ഞാന്‍ ശബ്ദമുണ്ടാക്കി പുലിയുടെ പിറകെ ഓടി. പുലി പേടിച്ചിരിക്കണം. അവന്‍ ആയുഷിനെ ഉപേക്ഷിച്ചു. കുട്ടിയെ എടുക്കാന്‍ ഞാന്‍ കുറ്റിക്കാട്ടിലേക്ക് ചാടി. പുള്ളിപ്പുലി അപ്പോള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഭാഗ്യവശാല്‍ അത് ഓടിപ്പോയി’- വിനോദ് കുമാര്‍ പറഞ്ഞു.
രക്ഷപ്പെടുത്തുമ്പോള്‍ പേടിച്ചുപോയ കുഞ്ഞിന് കരയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് മുറിവുകളില്‍ തുന്നലിട്ടു. പരിക്കുകള്‍ മാരകമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടി സാധാരണ നില കൈവരിച്ചിട്ടുണ്ട്. .