മുംബൈ : മഹാരാഷ്ട്രയിലെ ജവഹര്‍ നവോദയ സ്കൂള്‍ ക്യാന്‍റിനില്‍ ശുചീകരണ ജീവനക്കാര്‍ രാവിലെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ക്യാന്‍റിനിലെ ഇരിപ്പിടത്തിനടയില്‍ ചുരുണ്ട് വിശ്രമിക്കുകയാണ് കൂറ്റനൊരു പുള്ളിപ്പുലി. നിലവിളിക്കാന്‍ പോലും മറന്ന് ഒരു നിമിഷം നിന്നുപോയ ജീവനക്കാന്‍ അടുത്ത നിമിഷം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ജീവനക്കാര്‍ ഓടി പുറത്തിറങ്ങി. വാതിലുകളും ജനലുകളും പുറത്തു നിന്ന് അടച്ചുപൂട്ടി. പുലിയെ ഉള്ളിലാക്കി. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെയും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന സന്നദ്ധ സംഘടനയെയും അറിയിക്കുകയായിരുന്നു.
തകലി ദോകേശ്വര്‍ ഗ്രാമത്തിലാണ് സ്കൂള്‍. പുലിയെ പിടിക്കാന്‍ വല, കൂട് തുടങ്ങി സര്‍വ വിധ സന്നാഹവും ഡോക്ടറും സഹിതമാണ് രക്ഷാപ്രവര്‍ത്തകര്‍ സ്കൂളിലെത്തിയത്. പുലിയുള്ള എല്ലാ ഇടങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി. ക്യാന്‍റിന്‍ ചുമരില്‍ ചെറിയ ദ്വാരമുണ്ടാക്കി ക്യാമറ സ്ഥാപിച്ച് പുലിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു.
നാലു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ കൈത്തക്കത്തിന് കിട്ടയപ്പോള്‍ വെറ്ററിനറി ഡോക്ടര്‍ ഡോ. നിഖില്‍ ബന്‍ഗര്‍ മയക്ക് മരുന്ന് നിറച്ച ഇഞ്ചക്ഷന്‍ ദ്വാരത്തിലൂടെ പുലിക്ക് കുത്തിവെച്ചു. മയങ്ങിയ പുലിയെ കൂട്ടിലേക്ക് മറ്റി. എട്ടു വയസുള്ള പുലിയുടെ ദേഹത്ത് നിരവധി മുറിവുകള്‍ ഉണ്ട്. തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും വാലിലുമെല്ലാം മാന്ത് ഏറ്റതിന്‍റെ പാടുകളും മുറിവുകളുമുണ്ട്.
മറ്റൊരു പുലിയുമായി വിഹാരമേഖലക്കായി പോരാട്ടമുണ്ടായിട്ടുണ്ടെന്ന് ഊഹിക്കേണ്ടി വരുമെന്ന് ഡോ. നിഖില്‍ ബന്‍ഗര്‍ പറഞ്ഞു. അങ്ങനെ രക്ഷപ്പെടാന്‍ വേണ്ടിയായിരിക്കാം സ്കൂള്‍ ക്യാന്‍റിനില്‍ കയറിയത്. അടുക്കയിലെ ജനലിലൂടെ അകത്തുകയറിയതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലി നിലവില്‍ ജുന്നാറിലെ ലപേര്‍ഡ് കെയര്‍ സെന്ററില്‍ ചികിത്സയിലാണ്.