കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഐരവണില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. ഐരവണ്‍ സ്കൂളിന് സമീപത്തായാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. പ്രദേശവാസികള്‍ കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുവാനോ പുലി ഇറങ്ങിയതായി സ്ഥിരീകരിക്കുവാനോ കഴിഞ്ഞിട്ടില്ലെന്ന് ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സ് അധികൃതര്‍ പറയുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോന്നിയില്‍ ആദ്യമായി പുലി ഇറങ്ങുകയും പുലി കെണിയിലാവുകയും ചെയ്തതും ഐരവണില്‍ ആണ്. അന്നും പുലി ഇറങ്ങിയത് ആദ്യം സ്ഥിരീകരിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് പുലി കെണിയില്‍ വീഴുകയായിരുന്നു. ഇതും ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.