ശ്രീനഗര്‍ : അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ പാക്കിസ്ഥാന്‍ പങ്ക് തുറന്നുപറഞ്ഞ് ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റശ്രമത്തിനിടെ പിടിയിലായ ലഷ്‌കറെ തയ്ബ ഭീകരന്‍ അലിബാബര്‍ പാത്ര. പാക് സൈന്യവും ഐഎസ്‌ഐയുമായാണ് തനിക്ക് പരിശീലനം നല്‍കിയതെന്ന് 19കാരനായ അലി ബാബര്‍ വെളിപ്പെടുത്തി.
പാക് ഭീകരവാദിയുടെ വീഡിയോ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. ദാരിദ്ര്യവും മതവിശ്വാസവും ചൂഷണം ചെയ്തു. അമ്മയുടെ ചികില്‍സയ്ക്കായി 20,000 രൂപ നല്‍കി. ഇസ്‌ലാം അപകടത്തിലാണെന്ന് പറഞ്ഞു. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം 30,000 രൂപ കൂടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അലി കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ അലി ബാബര്‍ പത്ര എന്ന ഭീകരനാണ് വീഡിയോയിലുള്ളത്. 19 വയസ്സാണ് അലിയുടെ പ്രായം. ഉറി സെക്ടറിലെ ഒരു സൈനിക ക്യാമ്ബില്‍ മാധ്യമങ്ങളുമായി അലി സംവദിക്കുന്നതാണ് വീഡിയോയിലുള്ളത്.
അതിര്‍ത്തി കടന്ന് ബാരാമുള്ള ജില്ലയിലെ പട്ടനിലെത്തി ആയുധം വിതരണം ചെയ്യാന്‍ തനിക്ക് 20,000 രൂപ നല്‍കിയെന്നും മാധ്യമപ്രവര്‍ത്തകരോട് അലി പറഞ്ഞു. മുസാഫറബാദിലെ ലഷ്‌കര്‍ ക്യാമ്പിലാണ് തനിക്ക് പരിശീലനം ലഭിച്ചതെന്നും ആറംഗ ഭീകരസംഘത്തിനൊപ്പം സെപ്റ്റംബര്‍ 18-നാണ് നുഴഞ്ഞുകയറിയതെന്നും അലി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ സൈന്യം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് യുവാക്കളെ സ്വാധീനിക്കുകയും കശ്മീരില്‍ അക്രമത്തിനായി അതിര്‍ത്തി കടത്തിവിടുകയും ചെയ്യുന്നതായി അലിബാബര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ പഞ്ചാബ് സ്വദേശിയാണ്. ഉറിയില്‍ അലിബാബര്‍ അടക്കം ആറ് ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമം പത്ത് ദിവസം നീണ്ട ഏറ്റുമുട്ടലിലാണ് സുരക്ഷാസേന തകര്‍ത്തത്.
സൈന്യവും നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പാക്കിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ടു. അലി ബാബറിനെ സൈനികര്‍ ജീവനോടെ പിടികൂടി. നാല് നുഴഞ്ഞുകയറ്റക്കാര്‍ അതിര്‍ത്തി കടക്കാതെ പിന്മാറി. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആറംഗ സംഘത്തില്‍ രണ്ട് പേരാണ് അതിര്‍ത്തി കടന്നെത്തിയത്. ഒരാള്‍ വെടിയേറ്റുവീണതിനെ തുടര്‍ന്ന്, തന്നെ കൊല്ലരുതെന്ന് അപേക്ഷിച്ച അലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിതാവ് മരിച്ചതോടെയാണ് പാത്ര ലഷ്‌കറില്‍ ചേരുകയും അതിന് കീഴില്‍ പരിശീലനം നടത്താനും തുടങ്ങിയത്. പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടേയും പരിശീലനം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലുള്ള അമ്മയുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയിട്ടുണ്ടെന്നും പാത്ര കൂട്ടിച്ചേര്‍ത്തു.