കൊച്ചി: ഒടുവിൽ ദൗത്യനിര്‍വഹണത്തിലെ പോരായ്മകളിലും കുറവുകളിലും ഖേദം പ്രകടനവുമായി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലും എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തയെന്ന നിലയിലുമുള്ള പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ക്കാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. സഭാംഗങ്ങള്‍ക്ക് അയച്ച വിടവാങ്ങല്‍ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഭാ നേതൃത്വത്തില്‍നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കത്തില്‍ പരാമർശിക്കുന്നുണ്ട്.
സഭാംഗങ്ങള്‍ക്ക് ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നുമാണ് തന്റെ പ്രാര്‍ഥനയെന്നും ആലഞ്ചേരിയുടെ കത്തിൽ പറയുന്നു.
പിന്നാലെ തന്റെ സേവനകാലഘട്ടത്തില്‍ കഴിവുകളും വിഭവങ്ങളും ഉദാരമായി പങ്കുവെച്ചവര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിനും ഭൂമി വില്‍പ്പന വിവാദങ്ങള്‍ക്കും ഇടയിലായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. സംഭവങ്ങളില്‍ ആലഞ്ചേരിക്കെതിരെ വലിയ രീതിയില്‍ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആലഞ്ചേരിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉണ്ടായിരിന്നു.