കൊല്ലം : കൊല്ലം ജില്ലയിലെ പരവൂരിനടുത്ത് നെടുങ്ങോലത്തേക്ക് ഇടയ്ക്കൊരു യാത്ര പോണം. ഇത്തിക്കരയാർ ഒഴുകിയിറങ്ങിയ പഴയ പാടശേഖരങ്ങളിൽ കാണാം ആ മനുഷ്യനിർമിത പ്രകൃതി വിസ്മയം. തിരുവനന്തപുരത്തു നിന്നു പോയാൽ ദേശീയ പാതയിൽ പാരിപ്പള്ളിയിൽനിന്ന് ഇടത്തേക്കു പോവുക. നെടുങ്ങോലമെത്തി കുളിക്കടവെന്നോ വടക്കേമുക്ക് കടവിലെത്തിയാൽ അവിടെനിന്നു നാടൻ വഞ്ചിയിൽ വേണം കണ്ടൽക്കാഴ്ചകളിലേക്ക് തുഴയാൻ.
കൊല്ലത്തുനിന്നു തീരദേശ പാത വഴി എത്താമെങ്കിലും റോഡ് മോശമായതിനാൽ ചാത്തന്നൂരിനു മുൻപ് വലത്തേക്കു തിരിഞ്ഞ് പരവൂർ റൂട്ട് പോകുക. ഉപ്പു കടവ്, കൊച്ചാലുംമൂട് എന്നിവിടങ്ങളിൽനിന്നും തോണിയിൽ പോകാം. എവിടെ നിന്നു പോയാലും ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ജലയാത്ര പാടില്ല. മോട്ടർ ബോട്ടുകൾ ഒഴിവാക്കുക.
ചേരക്കോഴികൾക്കും കൃഷ്ണപ്പരുന്തിനും ശബ്ദശല്യമരുത്. കുളിക്കടവിൽ മാൻഗ്രൂവ് അഡ്വഞ്ചേഴ്സ് സുരക്ഷിത യാത്ര ഒരുക്കുന്നുണ്ട്. കുളിക്കടവിൽനിന്നു തോണി നീങ്ങുക കൊച്ചാറിലൂടെയാണ്. ഇത്തിക്കരയാറിന്റെ ഭാഗം തന്നെ. പിന്നെ മാലാക്കായലും പാട്ടക്കായലും പരവൂർക്കായലിന്റെ ഒരു ഭാഗവുമൊക്കെച്ചേർന്ന് ജല സമൃദ്ധിയൊരുക്കുന്ന കാഴ്ചകളും കാണാം.