കോന്നി : കോന്നി ഗ്രാമ പഞ്ചായത്തിന് കീഴിൽ വരുന്ന നിലവിലെ പാറമടകൾക്ക് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും പ്രതിപക്ഷ അംഗങ്ങളും അറിയാതെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൈസൻസ് പുതുക്കി നൽകിയതിനെ തുടർന്ന് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോന്നി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും പ്രതിപക്ഷാംഗങ്ങളും ചേർന്ന് സംസ്ഥാന പഞ്ചായത്ത് വകുപ്പ് ഡയറക്ടറേറ്റ് ഡയറക്ടർക്ക് കത്ത് നൽകി.
കോന്നി ഗ്രാമപഞ്ചായത്തിന് കീഴിൽ ഏഴ് പാറമടകളാണ് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന പാറമടകളിൽ പാരിസ്ഥിതിക പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. എല്ലാ അനുബന്ധ രേഖകളുമായി വരുന്ന പാറമടകൾക്ക് വർഷാവർഷം ലൈസൻസ് കൊടുത്ത് പോരുന്ന രീതിയാണ് നിലവിലുള്ളത്. 2018ലെ പ്രളയ സമയത്ത് ഒരു പാറമടയിൽ നിന്നും പാറ ഇളകി താഴെ വീണ് വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകരുടേയും പൊതു ജനങ്ങളുടെയും വലിയ പരാതികളും പഞ്ചായത്തിൽ ലഭിക്കാറുണ്ട്.
പാറമടകളോട് ചേർന്ന് ഒഴുകുന്ന ജലാശയങ്ങളും മലിനമാകാറുണ്ട്. 5.3.2020ൽ കൂടിയ പഞ്ചായത്ത് കമ്മറ്റിയിൽ ആവശ്യമായ രേഖകൾ ഹാജരാക്കുന്ന പാറമടകൾക്ക് ഒരു വർഷ ലൈസൻസ് കൊടുക്കുന്നതിന് തീരുമാനിച്ചിരുന്നു. ഈ അവസരത്തിൽ 2020 – 21 വർഷത്തെ ലൈസൻസുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിയെ ബോധ്യപെടുത്താതെ സെക്രട്ടറി ലൈസൻസ് അനുവദിച്ച് നൽകുകയായിരുന്നു. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോൾ ആവശ്യമായ രേഖകൾ ഈ വർഷം നൽകിയ ലൈസൻസിനില്ല എന്ന് ബോധ്യപെട്ടു.
തുടർന്ന് പഞ്ചായത്ത് കമ്മറ്റിയിൽ പാറമടകൾക്ക് ഒരു വർഷത്തെ ലൈസൻസ് കൊടുക്കുന്നതിനും വരും വർഷങ്ങളിൽ രേഖകൾ പരിശോധിച്ച് പാരിസ്ഥിതിക പഠനവും നടത്തി ലൈസൻസ് നൽകിയാൽ മതിയെന്ന് തീരുമാനമെടുത്ത് നടപ്പാക്കുന്നതിന് സെക്രട്ടറിയെ ചുമതല പെടുത്തിയിരുന്നു. എന്നാൽ ഇതിൽ ഒരു പാറമട ഉടമ ഹൈക്കോടതിയെ സമീപിച്ച് സർക്കാരിനെതിരെ അപ്പീൽ കൊടുത്തു. ഈ വിവരങ്ങൾ കാണിച്ച് കോന്നി പഞ്ചായത്തിലേക്ക് സമൻസും വന്നിരുന്നു.എന്നാൽ സെക്രട്ടറി ഈ വിവരം പഞ്ചായത്ത് ഭരണ സമതിയെയോ പ്രതിപക്ഷ അംഗങ്ങളെയോ അറിയിക്കാതെ രണ്ട് മാസം സമൻസ് പൂഴ്ത്തി വെച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് സ്റ്റിയറിംഗ് കമ്മറ്റി വിളിച്ച് ചേർത്ത് സെക്രട്ടറിയെ തൽ സ്ഥാനത്ത് നിന്ന് മാറ്റി പകരം സെക്രട്ടറിയെ നിയമിക്കുവാൻ കമ്മറ്റി തീരുമാനമെടുത്തുവെന്നും പഞ്ചായത്ത് വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിൽ പറയുന്നു.