അങ്കമാലി : കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധയുണ്ടായതിനെ തുടര്‍ന്ന് ഹോട്ടലില്‍ ആരോഗ്യവിഭാഗം റെയ്ഡ്. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ചിരുന്നതുമായ ആഹാരം കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കി. അങ്കമാലി എം സി റോഡിലെ ബദരിയ ഹോട്ടലാണ് അടപ്പിച്ചത്. ഇവിടെ നിന്നും കുഴിമന്തി കഴിച്ച അഞ്ചു പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതില്‍ ഒരാളെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. ഹോട്ടലില്‍ ആഹാരം വിളമ്പുന്നതിനും പാഴ്‌സല്‍ നല്‍കുന്നതിനുമായി നിരോധിത വിഭാഗത്തില്‍പെട്ട പ്ലാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. ഹോട്ടലിന്റെ അടുക്കളയുടെ തറ പൊട്ടിപ്പൊളിഞ്ഞതായും ഭിത്തികള്‍ മാറാല പിടിച്ചും വെള്ളപൂശാതെയും വൃത്തിഹീനമായും കിടക്കുന്നതായും കണ്ടെത്തി.
ന്യൂനതകള്‍ പരിഹരിച്ച് നഗരസഭ ലൈസന്‍സ് പുനഃസ്ഥാപിച്ചതിനു ശേഷമേ ഹോട്ടലിന്റെയും അടുക്കളയുടെയും പ്രവര്‍ത്തനം തുടങ്ങാന്‍ പാടുള്ളൂവെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവര്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.