തൃശ്ശൂർ : ചാരായം വാറ്റുന്നതിനിടെ മൂന്ന് ബിജെപിക്കാർ പിടിയിൽ. കുഴിക്കാട്ടുശേരി കാരൂർ ഭാഗത്ത് നിർമാണം നടക്കുന്ന വീട്ടിൽ നിന്നാണ് 700 ലിറ്റർ വാഷും സ്‌റ്റൗവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും ഉൾപ്പെടെ ആളൂർ പോലീസ് ഇവരെ പിടികൂടിയത്. കുഴിക്കാട്ടുശേരി പൈനാടത്ത് ജോബി(44), താഴെക്കാട് പോണോളി ലിജു(35), തത്തംപള്ളി വിമൽ (30) എന്നിവരാണ് പിടിയിലായത്. ജോബിയും ലിജുവും ബിജെപി പ്രവർത്തകരാണ്. രണ്ടര മാസം മുമ്പ് ഇറ്റലിയിൽ നിന്നും വീട് പണിയുടെ ആവശ്യത്തിനായി വന്നതാണ് ജോബി. ഇയാളുടെ കാരൂർ ഭാഗത്തെ വീട്ടിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.
മറ്റ് രണ്ടുപേരും ഡ്രൈവർമാരാണ്. ആയിരം ലിറ്റർ കൊള്ളുന്ന വലിയ ബിരിയാണിച്ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. കൊവിഡ് 19ന്റെയും ലോക്ഡൗണിന്റെയും കാലത്ത് ചാരായം വാറ്റുന്നതായി ചാലക്കുടി ഡിവൈഎസ്‌പി സി. ആർ സന്തോഷിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്‌ഡ്. ആളൂർ എസ്‌ഐ കെ. എസ് സുശാന്തും അഡീഷണൽ എസ്‌ഐമാരായ സത്യൻ, രവി, എഎസ്‌ഐമാരായ ദാസൻ, സന്തോഷ്, ജിനുമോൻ, സാജൻ എസ്‌സിപിമാരായ സുനിൽ, എ ബി സുനിൽകുമാർ, സിപിഒമാരായ സുരേഷ് കുമാർ, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് റെയ്‌ഡ് നടത്തിയത്.