തിരുവനന്തപുരം : സര്‍ക്കാരിന്റെ തട്ടിപ്പ് പുറത്തു വരാതിരിക്കാന്‍ ലൈഫില്‍ വക്കീലിന് നല്‍കിയത് അരക്കോടി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നല്‍കിയത് 55 ലക്ഷം രൂപ. സര്‍ക്കാരിനായി വാദിച്ച അഡ്വ.കെ.വി വിശ്വനാഥിനാണ് 55 ലക്ഷം രൂപ നല്‍കിയത്. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ സുപ്രിം കോടതിയിലും എതിര്‍ത്തിരുന്നു. വിജിലന്‍സ് അന്വേഷണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അന്വേഷണത്തെ എതിര്‍ത്തത്. ഹൈക്കോടതിയിലും സുപ്രിം കോടതിയിലും സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട കേസ് വാദിച്ചിരുന്നു.
അഭിഭാഷകന് 55 ലക്ഷം രൂപ നല്‍കിയെന്ന് നിയമസഭയില്‍ കഴിഞ്ഞ ദിവസം നിയമ മന്ത്രി കെ.രാജീവാണ് രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ മാത്രം സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സര്‍ക്കാരിന് 55 ലക്ഷം രൂപ ചെലവായി എന്നുള്ള കണക്കാണ് പുറത്ത് വരുന്നത്. പെരിയ ഇരട്ട കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെ സര്‍ക്കാര്‍ നിയമിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകളും പുറത്ത് വന്നത്.
ഏതാണ്ട് എട്ടുകോടി എഴുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് വിവിധ കേസുകളിലായി പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കായി നല്‍കിയിട്ടുള്ളതെന്നും നിയമമന്ത്രി നല്‍കിയ മറുപടിയിലുണ്ട്. സര്‍ക്കാരിന് എതിരായിട്ടുള്ള ചില കേസുകളില്‍ കൂടുതല്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെ സുപ്രിം കോടതിയിലും എത്തിച്ച് വാദിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത് എന്ന ആക്ഷേപവും രൂക്ഷമാകുകയാണ്.