തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ തദ്ദേശസ്ഥാപനങ്ങളിൽ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തി. വയനാട് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലാണ് ക്രമക്കേട്. സർക്കാർ മാർഗനിർദേശങ്ങൾ ലംഘിക്കുക, ചെയ്യാത്ത പ്രവൃത്തിക്ക് പണം നൽകുക, അർഹരല്ലാത്ത ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുക, പരിശോധനയില്ലാതെ എസ്റ്റിമേറ്റ് കണക്കാക്കുക തുടങ്ങിയ ക്രമക്കേടുകളാണ് 2017-’18-ലെ ഓഡിറ്റിൽ കണ്ടെത്തിയത്.
കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് നിശ്ചിതഘട്ടം നിർമാണം പൂർത്തിയാക്കാത്തവർക്കും തുക മുഴുവൻ നൽകി. 2016 മാർച്ച് 31 വരെ മറ്റ് പദ്ധതികളിൽനിന്നും സഹായം കിട്ടിയിട്ടും വീട് പൂർത്തിയാക്കാൻ കഴിയാത്തവരെയും ലൈഫ് പദ്ധതിയിൽ ചേർക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ? കല്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ സമയപരിധിക്കുശേഷം മറ്റ് പദ്ധതികളിൽ നിന്ന് പണം കൈപ്പറ്റിയവർക്കും ലൈഫ് മിഷനിൽ ആനുകൂല്യം നൽകി.
തൊണ്ടർനാട് പഞ്ചായത്തിൽ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ നടത്താത്ത ഗുണഭോക്താവിനും പണം നൽകി. വയനാട് ജില്ലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇ.എം.എസ്., ഐ.എ.വൈ. തുടങ്ങിയ ഭവനനിർമാണ പദ്ധതികളിലെ സഹായംകൊണ്ട് പൂർത്തീകരിച്ച ഘട്ടങ്ങൾക്കും ലൈഫ് മിഷനിൽ പണം നൽകിയതായും ഓഡിറ്റ് വകുപ്പ് കണ്ടെത്തി. 2018-’19-ലെ റിപ്പോർട്ട് നിമസഭയിൽ സമർപ്പിച്ചു.