കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സിബിഐ. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതി നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ അന്വേഷണത്തിനെതിരെ ഭാഗികമായി പുറപ്പെടുവിച്ചിരിക്കുന്ന സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍.
ഈ ഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്ന ക്രമക്കേട് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ലൈഫ് മിഷന്‍ ഭവന പദ്ധതി നിര്‍മ്മാണ ക്രമക്കേട് കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും സി.ബി.ഐ ഹര്‍ജിയില്‍ പറയുന്നു.
വലിയ രീതിയിലുള്ള ഉന്നതതല ഗൂഡാലോചനയും കൈക്കൂലിയിടപാടും ലൈഫ് മിഷന്‍ ഇടപാടില്‍ നടന്നിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്. സ്വപ്ന വഴി പല ഉന്നതരും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും സിബിഐ പറയുന്നു. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം തുടരേണ്ടതുണ്ടെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. ഇടപാടില്‍ വലിയ രീതിയില്‍ കോഴ കൈമാറിയിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പദ്ധതിയുടെ സി.ഇ.ഒ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണു കോടതി സര്‍ക്കാരിനെതിരേയുള്ള അന്വേഷണം താത്കാലികമായി സ്റ്റേ ചെയ്തത്.