തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രണ്ടു പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ കൂടി കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് പുറമെയാണ് മറ്റ് രണ്ടു പേരെ കൂടി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകളില്‍ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി എം രവീന്ദ്രനെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും മറ്റ് രണ്ടു പേരെ ചോദ്യം ചെയ്യുകയെന്നാണ് വിവരം.