തൃശൂര്‍ : ലൈഫ് മിഷൻ ക്രമക്കേട് കേസിൽ രേഖകൾ കോടതിയിൽ ഹാജരാക്കി വിജിലൻസ്. കേസിലെ മുഴുവൻ രേഖകളും സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലൻസ് ശേഖരിച്ച മുഴുവൻ രേഖകളും കോടതിയുടെ കസ്റ്റഡിയിലായി. രേഖകൾക്കായി സിബിഐ സംഘം കോടതിയെ സമീപിക്കേണ്ടിവരുമെന്നാണ് വിജിലൻസ് നിലപാട്.
അതേസമയം ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർ സിബിഐ ഓഫീസിൽ ഹാജരായി. ഡെപ്യൂട്ടി സിഇഒ സാബുക്കുട്ടൻ നായർ, ചീഫ് എഞ്ചിനീയർ അജയകുമാർ എന്നിവരാണ് കൊച്ചി സിബിഐ ആസ്ഥാനത്ത് ഹാജരായത്. ലൈഫ് മിഷൻ സിഇഒ യു വി ജോസ് ഉൾപ്പെടെയുള്ളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്.