കൊച്ചി: ലൈഫ് മിഷന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. കൊച്ചി സി.ബി.ഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും കഴിഞ്ഞ ദിവസം സി.ബി.ഐ സംഘം ചോദ്യം ചെയ്‌തിരുന്നു.
കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. യൂണിടാക് കമ്പനി ഡയറക്ടറാണ് സീമ. രണ്ടര മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിര്‍മ്മാണം നിര്‍ത്തിവെച്ചത്. 350 തൊഴിലാളികളാണ് ഫ്ളാറ്റ് നിര്‍മ്മാണത്തിനായുണ്ടായിരുന്നത്.
അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം നിലച്ചതോടെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് നഗരസഭ. പണി നിലച്ചതോടെ 350 ഓളം നിര്‍മ്മാണതൊഴിലാളികളും ആശങ്കയിലാണ്. ലൈഫ് മിഷന്റെ കീഴില്‍ നാല് ഫ്ളാറ്റ് സമുച്ചയങ്ങളും ഒരു ആശുപത്രിയുമാണ് വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പില്‍ നിര്‍മ്മിക്കുന്നത്. 500 ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ പണിയുന്ന 140 ഫ്ലാറ്റുകള്‍ ലഭിക്കുന്നതോടെ അത്രയും കുടുംബങ്ങള്‍ക്ക് വീടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കവെ പൊടുന്നനെയാണ് നിര്‍മ്മാണം നിലച്ചത്.
കഴിഞ്ഞ 10 മാസമായി പ്രദേശവാസികളെ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. പ്രദേശത്തെ എല്ലാ വീട്ടില്‍ നിന്നും ഒരാളെങ്കിലും ഇവിടെ പണിക്കെത്തിയിരുന്നു. നിര്‍മ്മാണം നിലച്ചതോടെ ഇവരുടെ വരുമാനവും മുട്ടി. വിവാദങ്ങളും അന്വേഷണങ്ങളുമെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ പുനരാംരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോള്‍.