തൃശ്ശൂര്‍ : സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ അടുത്ത സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ അർഹരായ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
മാർച്ച് മുപ്പതിനുളളിൽ പദ്ധതിയിൽ ഉൾപ്പെട്ട 15,000 വീടുകൾ കൂടി പൂർത്തീകരിക്കും. ഇതോടൊപ്പം 30,000 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങും. പുതിയ 8 ലക്ഷം അപേക്ഷകൾ പരിഗണനയ്ക്ക് വിധേയമാക്കി അതിൽ നിന്ന് അർഹരെ കണ്ടെത്തും. മൂന്നു ലക്ഷത്തിലധികം ആളുകളെ അടുത്ത ഘട്ടത്തിൽ പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ പരിശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2,50, 547 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. 8,823. 20 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.