കൊച്ചി : സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ വിവാദമായ ലൈഫ് മിഷന്‍ ഇടപാട് അന്വേഷണവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കടുപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെത്തി ലൈഫ് മിഷന്‍ ഓഫീസില്‍ പരിശോധന നടത്താനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ സിഇഒ യുവി ജോസിന്റെ മൊഴിയെടുക്കാനും ഇഡി തയ്യാറെടുക്കുകയാണ്. ഇതിനായുള്ള ചോദ്യാവലി അടക്കം ഇഡി തയ്യാറാക്കിയിട്ടുണ്ട്. ലൈഫ് മിഷന്‍ ഇടപാട് സംബന്ധിച്ച മുഴുവന്‍ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇഡി ലൈഫ് മിഷനെ അറിയിച്ചിട്ടുണ്ട്.
റെഡ്ക്രസന്റ് കേരളത്തിലേക്ക് സാമ്പത്തിക സഹായം നല്‍കാനുണ്ടായ സാഹചര്യം, ഫണ്ട് വന്ന രീതി, നിര്‍മ്മാണത്തിനായി യൂണിടാക്കിനെ തെരഞ്ഞെടുത്തത്, ഇതിന്റെ പേരില്‍ കൈക്കൂലി നല്‍കിയ കാര്യം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരുത്താനാണ് ഇഡിയുടെ ശ്രമം.
നേരത്തെ ലൈഫ് മിഷന്‍ പദ്ധതിയുടെ വടക്കാഞ്ചേരി പ്രോജക്‌ട് സംബന്ധിച്ച ചില ഫയലുകള്‍ അന്വേഷണ ഏജന്‍സിക്ക് ചീഫ് സെക്രട്ടറി നല്‍കിയിരുന്നു. റെഡ്ക്രസന്റുമായുള്ള ധാരണാപത്രമടക്കമാണ് നല്‍കിയത്. എന്നാല്‍ അത്തരമൊരു കരാര്‍ ഒപ്പിട്ട യോഗത്തിന് മിനിറ്റ്‌സ് ഇല്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതു ഇഡി വിശ്വസിച്ചിട്ടില്ല. ചില ഫയലുകളെങ്കിലും നശിപ്പിച്ചിട്ടുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. അതിനിടെ വടക്കാഞ്ചേരിക്ക് പുറമെ മറ്റു ചില പ്രദേശങ്ങളിലും ഇതേ മാതൃകയില്‍ യുഎഇ റെഡ്ക്രസന്റ് പണം നല്‍കി ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ നീക്കം നടന്നിരുന്നുവെന്ന സൂചനകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കാനാണ് തീരുമാനം