തിരുവനന്തപുരം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി അകാരണമായി ദേഷ്യപ്പെടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
“ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വ്യക്തമായി. ഇത്തരം വിഷയങ്ങളെല്ലാം സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ദുബായിലെ എന്‍ജിഒ ആയ എമിറേറ്റ്‌സ് റെഡ് ക്രസന്റ് സ്ഥാപനം ലൈഫ് മിഷന് വേണ്ടി 20 കോടി നല്‍കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്ക് മുഖ്യമന്ത്രി ദുബായില്‍ പോയിരുന്നു. ഇതിന് നാല് ദിവസം മുന്‍പ് ശിവശങ്കറും സ്വപ്‌ന സുരേഷും ദുബായിലേക്ക് പോയി, ശേഷം ചര്‍ച്ച ചെയ്താണ് പദ്ധതി ശരിയാക്കിയത്. എന്നാല്‍ ഇതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ പങ്ക് എന്താണ്. പദ്ധതിയില്‍ ശിവശങ്കറിന്റെ പങ്ക് എന്തായിരുന്നു. മുഖ്യമന്ത്രി വ്യക്തമാക്കണം” പ്രതിപക്ഷ നേതാവ് പറഞ്ഞു
“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രി മാധ്യമങ്ങളോട് കയര്‍ക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ വിരട്ടിയാല്‍ അവര്‍ പേടിച്ച് തന്റെ വഴിക്കാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. പാവം മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി വെറുതെവിടണം. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട, ഇത് കേരളമാണ്. പ്രതിപക്ഷം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും” ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.