പത്തനംതിട്ട : ലൈഫ് മിഷന്‍ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍ പുതിയതായി അപേക്ഷ സമര്‍പ്പിച്ചവര്‍ 8955 പേര്‍. അപേക്ഷ നല്‍കാന്‍ ഇനിയും അവസരം. ഈ മാസം 27 വരെ സമയമുണ്ട്. ഇതുവരെ അപേക്ഷിച്ച 8955 പേരില്‍ 6931 ഭൂമിയുള്ള ഭവന രഹിതരും 2024 ഭൂരഹിത ഭവന രഹിതരുമാണുള്ളത്. 1795 പട്ടികജാതി വിഭാഗത്തിലുള്ളവരും 188 പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരും ഇവയില്‍പെടുന്നു. സംസ്ഥാനത്തില്‍ ഇതിനോടകം 2,67,573 അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇതില്‍ 35,999 പേര്‍ പട്ടിക ജാതിയിലുള്ളവരും 3419 പട്ടികവര്‍ഗത്തിലുള്ളവരും പെട്ടിട്ടുണ്ട്.
അര്‍ഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെപോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 27 വരെ നീട്ടിയുണ്ട്. നിലവില്‍ ആഗസ്റ്റ് 1 മുതല്‍ 14 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നല്‍കിയ സമയം. എന്നാല്‍ കോവിഡ് മഹാമാരിയുടെയും മഴക്കെടുതികളുടേയും സാഹചര്യങ്ങളില്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വീടിനായി അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകള്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും ഈ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നല്‍കാന്‍ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആഗസ്റ്റ് 27 വരെ സമയം നീട്ടി നല്‍കിയത്.
www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തയാറാക്കിയിരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍ അറിയിച്ചു.