ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ നഗരസഭയുടെ ലൈഫ് മിഷൻ കുടുംബസംഗമവും അദാലത്തും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നഗരസഭ ഹാളിൽ നടന്ന പരിപാടി സജി ചെറിയാൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷൻ ഭവന പദ്ധതിയിലൂടെ കേരളം ലോകത്തിൽ തന്നെ ഭവനരഹിതരില്ലാത്ത സംസ്ഥാനമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഗമങ്ങളുടെ ഒപ്പം അദാലത്തിലൂടെ ഗുണഭോക്താക്കൾക്ക് തുടർ ജീവതത്തിനുള്ള സേവനവും ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും എം.എല്‍.എ പറഞ്ഞു.
വിവിധ പദ്ധതികളിലായി മുൻകാലങ്ങളിൽ വീട് പൂർത്തിയാക്കാൻ കഴിയാതെ പാതിവഴിയിൽ ആയവർക്കും സ്ഥലമുണ്ടായിട്ടും സ്വന്തമായൊരു വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും സ്ഥലം ഇല്ലാത്തവർക്കും അങ്ങനെ കേരളത്തിൽ എല്ലാവർക്കും വീടെന്ന സ്വപ്നം ലൈഫ് മിഷനിലുടെ പൂർത്തിയാവുകയാണ്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി 199 വീടുകളാണ് നഗരസഭയിൽ കരാറായത്. ഇതിൽ 99 വീടുകൾ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് നൽകി.
അദാലത്തിൽ പതിനെട്ടോളം വകുപ്പുകളുടെ സേവനം ഗുണഭോക്താക്കൾക്കായി ഒരുക്കിയിരുന്നു. സിവിൽ സപ്ലൈസ് വകുപ്പിന് കീഴിൽ റേഷൻ കാർഡുകളുടെ തെറ്റുകൾ തിരുത്താനുള്ള സേവനം, പേര് ചേർക്കാനുള്ള സേവനം, ആരോഗ്യവകുപ്പിന് കീഴിൽ ജീവിതശൈലി രോഗങ്ങൾക്കുള്ള പരിശോധന, അക്ഷയയിലൂടെ ആധാർ കാർഡ് എടുക്കാനും തെറ്റുതിരുത്താനുമുള്ള സേവനം എന്നിവ ഗുണഭോക്താക്കൾക്ക് ഏറെ പ്രയോജനകരമായിരുന്നു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ വി. വി അജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ കമ്മിറ്റി അധ്യക്ഷൻമാരായ സുധാമണി, പി. വി അനിൽ കുമാർ, കൗൺസിലർ രാജൻ കണ്ണാട്, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ജി. ഷെറി, ജന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.