ഇലന്തൂര്‍ : ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട്ടില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വൈദ്യുതി എത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ചുവപ്പുനാടയില്‍ കുരുങ്ങിയക്കിടക്കുകയായിരുന്നു ഈ ഫയല്‍.
ഇലന്തൂര്‍ ചിറക്കാല ആലുനില്‍ക്കുന്നതില്‍ രവിയുടെ വീട്ടിലാണ് നീണ്ട കാത്തിരിപ്പിനുശേഷം വൈദ്യുതി കണക്ഷന്‍ ലഭിച്ചത്.
27 വര്‍ഷമായി വാടക വീടുകളിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ വഴി പ്രശ്‌നവും കേസും വന്നു. പരാതിയുമായി പോകാത്ത സര്‍ക്കാര്‍ ഓഫീസുകളില്ലെന്ന് രവി പറഞ്ഞു. നടന്നുമടുത്തപ്പോള്‍ ഈ പ്രശ്‌നം പഞ്ചായത്തഗം വിന്‍സന്‍ ചിറക്കാല
ആന്റോ ആന്റണി എം.പി.യുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹം ജില്ലാ
ഭരണകൂടവുമായി ബന്ധപ്പെട്ടതോടെ ഫയലുകള്‍ക്ക് ജീവന്‍വെച്ചു.
സ്ഥലവും വീടും വഴിയും സംബന്ധിച്ച രേഖകള്‍ എ.ഡി.എമ്മിന് സമര്‍പ്പിച്ചു. തുടര്‍ പരിശോധനയില്‍ രവിയുടെ വീട്ടിലേക്ക് പാരമ്പര്യമായി വഴി ഉണ്ടെന്നും ഇത് പ്രയോജനപ്പെടുത്തി പോസ്റ്റുകള്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കാമെന്നുമുള്ള ഉത്തരവ് കെ.എസ്.ഇ.ബി.ക്ക് കൈമാറിയതോടെ സൗജന്യമായി വീട്ടിലേക്ക് വൈദ്യതി കണക്ഷന്‍ എത്തിക്കുകയായിരുന്നു.