കോഴഞ്ചേരി : ശബരിമല മണ്ഡല-മകര വിളക്ക് ഉത്സവ കാലത്ത് തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കായി നദികളിലെ കടവുകളില്‍ നിയമിക്കാന്‍ ലൈഫ് ഗാര്‍ഡുകളെ ലഭിക്കുന്നില്ല. കിഴക്ക് പമ്പ മുതല്‍ പടിഞ്ഞാറ് ചെങ്ങന്നൂര്‍ വരെ പമ്പാ നദിയിലും അച്ചന്‍കോവില്‍, മണിമല, കല്ലട നദികളിലെ വിവിധ കടവുകളിലേക്കുമാണ് അതാത് പഞ്ചായത്തുകള്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തുന്ന നിരവധി ഭക്‌തരാണ് നദിയില്‍ സ്‌നാനത്തിനായി ഇറങ്ങുന്നത്. പലയിടത്തും കോടതി നിര്‍ദേശ പ്രകാരം വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ചിട്ടുമുണ്ട്. എങ്കിലും നിരവധി തീര്‍ഥാടകര്‍ കുളിക്കാനായി ഇവിടേക്ക് ഇറങ്ങുന്നുണ്ട്.
നദികളുടെ ഗതി ദിനംപ്രതി മാറുകയും ചുഴികള്‍ രൂപപ്പെടുകയും ചെയ്യുകയാണ്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ലൈഫ് ഗാര്‍ഡുകളുടെ സേവനം അനിവാര്യമാകുന്നത്. എന്നാല്‍ ഇവര്‍ക്കായി പഞ്ചായത്തുകള്‍ ഒന്നിലധികം തവണ അറിയിപ്പ് നല്‍കിയിട്ടും ഒരാളെ പോലും ലഭിക്കാത്ത സ്ഥലങ്ങളുണ്ട്. മറ്റ് തൊഴില്‍ ഉള്ളവരെയും മുന്‍ വര്‍ഷങ്ങളില്‍ പേരിനായി രാഷ്ര്‌ടീയ സ്വാധീനം ഉപയോഗിച്ച് പലയിടത്തും നിയമിച്ചിരുന്നു. എന്നാല്‍ യഥാസമയം രക്ഷാപ്രവര്‍ത്തനത്തിനായി ഇവരെ ലഭിച്ചതുമില്ല. ഇക്കാര്യത്തില്‍ പരിചയ സമ്പന്നരെ കണ്ടെത്തി നേരത്തെ തന്നെ നിയമിക്കണമെന്നാണ് ഭക്‌തജന സംഘടനകള്‍ ആവശ്യപ്പെടുന്നത്.