ലഖ്നൗ: യുപിയില്‍ ഇടിമിന്നലേറ്റ് 12 വയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ബന്ദ, ലളിത്പൂര്‍ ജില്ലകളിലാണ് ശക്തമായ ഇടമിന്നലുണ്ടായത്. ലളിത്പൂരില്‍ ചകോര ഗ്രാമത്തിലാണ് ഇടിമിന്നലേറ്റ് 12 വയസുകാരി മരിക്കുകയും മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തത്. ലളിത്പൂരില്‍ തന്നെ ഭംഗൂട്ട തില ഗ്രാമത്തില്‍ ഇടിമിന്നലേറ്റ് 37 കാരനായ കര്‍ഷകന്‍ മരിച്ചു. ബന്ദയില്‍ കൃഷിയിടത്തില്‍ വെച്ചാണ് കര്‍ഷകനായ രാജു നാരായണന്‍ (38) മിന്നലേറ്റ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്ന് പോലീസ് അറിയിച്ചു. മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ചികിത്സാ സഹായം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ബിഹാറില്‍ കനത്ത മഴയിലും ഇടിമിന്നലിലും 22 പേര്‍ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ശക്തമായ മഴ അടുത്ത മൂന്ന് ദിവസം കൂടി നീണ്ടു നില്‍ക്കും എന്നും മുന്നറിയിപ്പുണ്ട്. അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, സബ് ഹിമാലയന്‍ വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.