ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ വിദേശ സര്‍വകലാശാല ആരംഭിക്കാനൊരുങ്ങി മലേഷ്യയിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റി. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടിയുള്ള അപേക്ഷ യുജിസിക്ക് സമര്‍പ്പിച്ചു. സര്‍വകലാശാല സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിക്കുന്നതിനായി അഞ്ചംഗ സമിതിയെ കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. കാമ്പസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ ലിങ്കണ്‍ യൂണിവേഴ്‌സിറ്റിക്ക് കൈമാറുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തെലങ്കാനയില്‍ രാജ്യത്തെ ആദ്യ വിദേശ സര്‍വകലാശാല തുടങ്ങാന്‍ ലിങ്കണ്‍ യൂണിവേഴ്‌സിറ്റി താത്പര്യം പ്രകടിപ്പിച്ചതായും ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചതായും കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാര്‍ അറിയിച്ചു. വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി യുജിസി പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഏതാനും വിദേശ സര്‍വകാലാശാലകള്‍ ലോഗിന്‍ ചെയ്തിട്ടുണ്ട്.
മലേഷ്യയിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റി കാമ്പസ് തുടങ്ങാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ വിദേശ സര്‍വകാശാലകള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിക്കാന്‍ യുജിസി പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. യുജിസി അനുമതിയോടെ വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് കാമ്പസുകള്‍ ആരംഭിക്കുകയോ രണ്ട് സര്‍വകലാശാലകള്‍ക്ക് ഒരുമിച്ച് സഹകരണത്തോടെ രാജ്യത്ത് പ്രവര്‍ത്തിക്കുകയോ ചെയ്യാം. ലിങ്കണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അഞ്ചംഗ സമിതിയുമായി ചര്‍ച്ച ചെയ്ത് അറിയിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.