പത്തനംതിട്ട : വൻകിട ഉൽപാദകരിൽ നിന്ന് ഓക്സിജൻ ലഭിക്കാത്ത സാഹചര്യത്തിൽ പ്ലാന്റും ടാങ്കർ ലോറികളും ക്രയോജനിക് ടാങ്കുകളും സർക്കാരിനു സറണ്ടർ ചെയ്യുകയാണെന്ന് തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിലെ ഓക്സിജൻ വിതരണക്കാരായ ഓസോൺ ഗ്യാസസ്. സംസ്ഥാന ചീഫ് സെക്രട്ടറി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എന്നിവർക്ക് അയച്ച അടിയന്തര സന്ദേശത്തിലാണ് ഓസോൺ ഗ്യാസ് മാനേജിങ് പാർട്ണർ വി.കെ.അബ്ദുൽ റഹിം, പാർട്ണർ വി.എൻ.ശ്രീകുമാർ എന്നിവർ ഇക്കാര്യം അറിയിച്ചത്. കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഏകദേശം 18 ആശുപത്രികളിലേക്കാണ് ഓസോൺ ഗ്യാസസ് ഓക്സിജൻ എത്തിക്കുന്നത്.
പാലക്കാട് ഐനോക്സ് എയർ പ്രോഡക്ട്സ്, പ്രാക്സ് എയർ, പ്രൈം ഗ്യാസസ്, പീനിയ ഇൻഡസ്ട്രിയിൽ ഗ്യാസ് തുടങ്ങിയ വൻകിട ഉൽപാദകരിൽ നിന്നു ദ്രവ ഓക്സിജൻ ലഭിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. 18 ആശുപത്രികളിലെയും ക്രയോജനിക് ടാങ്കുകൾ മിക്കവാറും കാലിയായി കഴിഞ്ഞു. ഓക്സിജൻ ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ നിരന്തരം വിളിക്കുകയാണ്.
വൻകിട കമ്പനികൾ നൽകാത്ത പക്ഷം ഈ ആശുപത്രികളിൽ ഓക്സിജൻ ശേഖരം എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതിനാലാണു സ്ഥിതിഗതികൾ സാധാരണഗതിയിൽ ആകുന്നതുവരെ ടാങ്കർ ലോറികൾ ഉൾപ്പെടെ എല്ലാം സർക്കാരിലേക്ക് കൈമാറുന്നത്. 18 ആശുപത്രികളിലേക്കും ആവശ്യമായ ഓക്സിജൻ സർക്കാർ സംവിധാനത്തിലൂടെ എത്തിച്ച് സ്വകാര്യ ആശുപത്രികളിലെ രോഗികളെ രക്ഷിക്കണമെന്നും ഓസോൺ കമ്പനി ആവശ്യപ്പെട്ടു.