തിരുവനന്തപുരം : ഇനി മുതല്‍ മദ്യം വാങ്ങണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കോവിഡ് നിബന്ധനകള്‍ അനുസരിക്കണം. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ അല്ലെങ്കില്‍ ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ എന്നിവര്‍ക്ക് മാത്രമാണ് മദ്യം വാങ്ങാന്‍ അനുമതി.
ഇന്ന് മുതല്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരും. ഔട്ട് ലെറ്റുകള്‍ക്ക് മുമ്പില്‍ ഇത് സംബന്ധിച്ച് നോട്ടീസ് പതിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കുള്ള നിബന്ധനകള്‍ മദ്യവില്‍പ്പനയ്ക്കും ബാധകമാണെന്നാണ് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍ WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുകയുള്ളു. മാളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ തുറക്കും.