ന്യൂഡൽഹി : മദ്യനയ അഴിമതി വഴി ലഭിച്ച പണം ആം ആദ്മി പാർട്ടി ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചെന്ന് സിബിഐ. 2022ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) ടിക്കറ്റിൽ മത്സരിച്ച രണ്ടു പേർ പ്രചരണവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി ഈ പണം ഉപയോഗിച്ചിട്ടുണ്ടെന്നും സിബിഐ കുറ്റപത്രത്തിൽ വ്യക്തമാകുന്നു. മദ്യനയം തങ്ങൾക്ക് അനുകൂലമാക്കാൻ സൗത്ത് ഗ്രൂപ്പ് നൽകിയ 100 കോടി രൂപയിൽ നിന്ന് 44.5 കോടി രൂപ ഗോവയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് ആം ആദ്മി പാർട്ടി നൽകിയതെന്നും സിബിഐ ആരോപിക്കുന്നു. കേസിലെ അഞ്ചാമത്തെയും അവസാനത്തെയും അനുബന്ധ കുറ്റപത്രത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും മറ്റൊരു പ്രതിയായ ഡൽഹിയിലെ എംഎൽഎ ദുർഗേഷ് പതക്കിനും അഴിമതിയിൽ പങ്കുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
രണ്ട് മുൻ എംഎൽഎമാരായ മഹാദേവ് നാരായൺ നായിക്, സത്യവിജയ് നായിക് എന്നിവരോട് 2022 ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യഥാക്രമം ഷിരോദ, വാൽപോയ് മണ്ഡലങ്ങളിൽ നിന്ന് എഎപിയുടെ ടിക്കറ്റിൽ മത്സരിക്കാൻ ദുർഗേഷ് ആവശ്യപ്പെട്ടതായാണ് സിബിഐ പറയുന്നത്. ‘ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണത്തിന്റെ അഭാവം അവർ ചൂണ്ടിക്കാട്ടിയപ്പോൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും എഎപി നടത്തുമെന്ന് ദുർഗേഷ് അവരോട് പറഞ്ഞു. മഹാദേവ് നായിക്ക് പറഞ്ഞതു പ്രകാരം ദുർഗേഷ് തന്നെ ഡൽഹിയിലേക്ക് കൊണ്ടുപോയി അരവിന്ദ് കേജ്‌രിവാളിനെ കാണാൻ പ്രേരിപ്പിച്ചു. അദ്ദേഹം തന്റെ സ്ഥാനാർഥിത്വം അന്തിമമാക്കുക മാത്രമല്ല എല്ലാ സഹായവും പാർട്ടി നൽകുമെന്ന് ഉറപ്പും നൽകി ’ – സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ ഇതിനകം പ്രതിയായ എഎപി വളണ്ടിയർ ചൻപ്രീത് സിങ് രായത്താണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തവണകളായി സ്ഥാനാർഥികൾക്ക് പണം കൈമാറിയതെന്നാണ് ആരോപണം. ‘സത്യവിജയും മഹാദേവും ആം ആദ്മി പാർട്ടിയുടെ എല്ലാ സ്ഥാനാർഥികളുടെയും യോഗത്തിൽ പങ്കെടുത്തു. ഹോട്ടൽ സിഡാഡ് ഡി ഗോവയിൽ വിളിച്ചുചേർത്ത യോഗത്തിൽ ആരോപണവിധേയനായ അരവിന്ദ് കേജ്‌രിവാൾ എല്ലാ സ്ഥാനാർഥികളോടും തിരഞ്ഞെടുപ്പിനെ കുറിച്ച് വിഷമിക്കേണ്ടെന്ന് പറഞ്ഞു” – സിബിഐ പറയുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.