കൊച്ചി : കൂത്താട്ടുകുളത്ത് അനധികൃത മദ്യവില്പന നടത്തിയ ബാര്‍ മാനേജരും സഹായിയും പിടിയില്‍ . പാമ്പാക്കുടയിലെ ബാര്‍ ഹോട്ടല്‍ മാനേജര്‍ പിറവം സ്വദേശി എം സി ജയ്സണ്‍ , വില്‍പ്പനയില്‍ സഹായിച്ച കൂത്താട്ടുകുളം വടകര സ്വദേശി ജോണിറ്റ് ജോസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . വാടകവീട്ടില്‍ സൂക്ഷിച്ചാണ് മദ്യം ഇയാള്‍ ഇരട്ടി വിലയ്ക്ക് വിറ്റിരുന്നത് .
ലോക്ക് ഡൗണ്‍ അവസരമാക്കി 1500 രൂപയുടെ മദ്യത്തിന് 3500 രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്. കുത്താട്ടുകുളം യുപി സ്കൂളിന് സമീപത്തെ വാടകവീട്ടില്‍ വെച്ചായിരുന്നു വില്പന. 67 കുപ്പി മദ്യം എക്സൈസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത് .
ഈസ്റ്റര്‍ വിഷു ദിവസങ്ങളില്‍ നിരവധി പേര്‍ ഇവരില്‍ നിന്ന് മദ്യം വാങ്ങാനെത്തിയിരുന്നു. 22 ലീറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 6.5 ലീറ്റര്‍ ബിയറും ഇവിടെ നിന്ന് കണ്ടെടുത്തു. വിവിധ അളവിലുള്ള 67 കുപ്പികളിലായുള്ള മദ്യം കാറിലും ബൈക്കിലുമായാണ് കണ്ടെടുത്തത്.