ചെന്നൈ : ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുവരെ മദ്യശാലകള്‍ അടച്ചിടണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സുപ്രീംകോടതിയില്‍. മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്. വ്യാഴാഴ്ചയാണ് തമിഴ്നാട്ടില്‍ മദ്യശാലകള്‍ തുറന്നത്. എല്ലായിടത്തും മദ്യശാലകള്‍ക്ക് മുമ്പില്‍ വലിയ ആള്‍ക്കൂട്ടമായിരുന്നു. വ്യാഴാഴ്ച മാത്രം 172 കോടി രൂപയുടെ മദ്യമാണ് തമിഴ്നാട്ടില്‍ വിറ്റത്.
മദ്യശാലകള്‍ തുറന്നപ്പോള്‍ സാമൂഹിക അകലം പാലിക്കുന്നതിലുണ്ടായ വലിയ വീഴ്ചകള്‍ കൊവിഡ് പ്രതിരോധത്തിന് തിരിച്ചടിയാകുമെന്ന് കാണിച്ച് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം അടക്കമുള്ളവര്‍ നല്‍കിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാഴാഴ്ച മദ്യശാലകള്‍ തുറക്കുന്നതിനെതിരെ കോടതിയില്‍ നിരവധി ഹർജികള്‍ എത്തിയിരുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ മദ്യശാലകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജികള്‍. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ കോടതി തയാറായിരുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കര്‍ശന ഉപാധികള്‍ മുന്നോട്ട് വെച്ച കോടതി മദ്യശാലകള്‍ തുറക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.
വ്യാഴാഴ്ച മദ്യശാലകള്‍ തുറന്നപ്പോള്‍ സാമൂഹിക അകലം നിലനിര്‍ത്തുന്നതിലുണ്ടായ കടുത്ത വീഴ്ചകള്‍ ചൂണ്ടികാട്ടി ഹർജിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മദ്യശാലകള്‍ അടക്കാന്‍ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടത്. അതേസമയം ഓണ്‍ലൈനായുള്ള വില്‍പ്പനയും ഹോം ഡെലിവറിയും കോടതി അനുവദിച്ചിട്ടുണ്ട്.