കൊച്ചി: 2024-25 സാമ്പത്തികവർഷം സംസ്ഥാനത്ത് വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം. ബിയറും വൈനുമടക്കമുള്ള മദ്യത്തിന്റെ കണക്കാണിത്. ഇതേകാലയളവിൽ ബെവറജസ് കോർപ്പറേഷൻ സർക്കാരിന് മദ്യവിൽപ്പനയുടെ നികുതിയിനത്തിൽ നൽകിയത് 14,821.91 കോടി രൂപ. സംസ്ഥാനസർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ 24.75 ലക്ഷം ലിറ്റർ മദ്യം ഉത്പാദിപ്പിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിനുപുറമേ 763.07 കോടി രൂപയുടെ മദ്യം പുറത്തുനിന്ന് വാങ്ങി. രണ്ടാം പിണറായിസർക്കാർ അധികാരമേറ്റതുമുതൽ 2025 മാർച്ച് 31 വരെ ബാർ ലൈസൻസ് ഫീസിനത്തിൽ ഖജനാവിൽ ലഭിച്ചത് 1225.70 കോടി രൂപയാണ്.
35 ലക്ഷം രൂപയാണ് നിലവിൽ ബാർ ലൈസൻസ് ഫീസ്. എറണാകുളം ജില്ലയിൽനിന്നാണ് ഏറ്റവുമധികം. 304.07 കോടി രൂപ. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽനിന്ന് യഥാക്രമം 156.15 കോടി രൂപയും 134.43 കോടി രൂപയും ലഭിച്ചു.ബാർ ലൈസൻസുള്ള 45 ക്ലബ്ബുകളും സംസ്ഥാനത്തുണ്ട്. ഇവയുടെ ഫീസിനത്തിൽ 2021-22 മുതൽ 2024-25 വരെ ലഭിച്ചത് 41.85 കോടി രൂപയാണ്. 19 ഇന്ത്യൻനിർമിത വിദേശമദ്യ നിർമാണശാലകളാണ് സംസ്ഥാനത്തുള്ളത്. വിവരാവകാശപ്രവർത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശമറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.