തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് നയപരമായ തീരുമാനം വൈകുന്നു. ജനുവരിക്ക് മുമ്പ് പാഠ്യപദ്ധതി ചട്ടക്കൂട് കരട് തയ്യാറാക്കാനാണ് തീരുമാനിച്ചതെങ്കിലും ഇതുസംബന്ധിച്ച കേന്ദ്ര നിർദേശം നടപ്പാക്കുന്നതിലാണ് സർക്കാർ തലത്തിൽ തീരുമാനമുണ്ടാകേണ്ടത്. സംസ്ഥാനത്തിന്റെ രീതിശാസ്ത്രം അനുസരിച്ച് പാഠ്യപദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് ആലോചന.
സർക്കാർ പച്ചക്കൊടികാട്ടിയാലെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന് തുടർനടപടികളിലേക്ക് കടക്കാനാകൂ. മുന്നൊരുക്കങ്ങളുടെ ഭാഗമായി വിദഗ്ധരെ ഉൾപ്പെടുത്തി ഫോക്കസ് ഗ്രൂപ്പുകൾ രൂപവത്കരിക്കാനുള്ള കരട് പട്ടിക സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പഠന വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള വിദഗ്ധരടങ്ങിയതാണ് ഫോക്കസ് ഗ്രൂപ്പുകൾ. പ്രീസ്കൂൾ, സ്കൂൾ, അധ്യാപനം, വയോജന തുടർവിദ്യാഭ്യാസ മേഖലകളിലാണ് സംസ്ഥാനം ചട്ടക്കൂട് തയ്യാറാക്കേണ്ടത്.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അടിസ്ഥാനമാക്കി കരട് തയ്യാറാക്കി നൽകാനാണ് കേന്ദ്ര നിർദേശം. കരട് നൽകിക്കഴിഞ്ഞാൽ കാര്യമായ മാറ്റംവരുത്താനാകില്ല. ഇതുകാരണം കേന്ദ്രം അവരുടെ രാഷ്ട്രീയ ഇടപെടലുകൾ പാഠ്യപദ്ധതിയിലൂടെ നടപ്പാക്കിയേക്കുമെന്നാണ് സംസ്ഥാന സർക്കാർ ആശങ്കപ്പെടുന്നത്. നേരത്തേ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയശേഷമാണ് സംസ്ഥാനങ്ങൾ പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാംവർഷമെങ്കിലും പാഠ്യപദ്ധതി മാറേണ്ടതുണ്ടെന്നും അതിനാൽ സംസ്ഥാനത്തിന്റെ രീതിശാസ്ത്രത്തിൽ ഊന്നിയുള്ള പാഠ്യപദ്ധതി പരിഷ്കരണം ആകാമെന്നുമാണ് വിലയിരുത്തൽ.