ന്യൂഡല്‍ഹി: ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് തള്ളി. ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു ചട്ടം രൂപീകരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഒരു കാര്യവുമില്ലാത്ത ഹര്‍ജിയാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. അഭിഭാഷക മമത റാണിയാണ് ഹര്‍ജി നല്‍കിയത്.
‘ഇതെന്താണ്? ആളുകള്‍ ഇവിടെ എന്തിനും വരുന്നു, ആളുകള്‍ ലിവ് ഇന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതാണോ അതോ അവരുടെ സുരക്ഷിതത്വമാണോ പ്രശ്നമെന്ന്, മമത റാണിയോട് കോടതി ആരാഞ്ഞു. സുരക്ഷിതത്വമാണ് വിഷയമെന്ന് അഭിഭാഷക അറിയിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ എന്തു ചെയ്യാനാണെന്നു കോടതി ചോദിച്ചു. എന്തൊരു ബുദ്ധിശുന്യമായ ഹര്‍ജിയാണിത്. ഇത്തരം ഹര്‍ജികളില്‍ പിഴ ഈടാക്കുന്നതിനെക്കുറിച്ചു ചിന്തിക്കണമെന്ന് ബെഞ്ച് പറഞ്ഞു.