കൊച്ചി: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് എം.വി ശ്രേയാംസ് കുമാറിനെ ദേശീയ നേത്യത്വം നീക്കി. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കേരള ഘടകം പരസ്യമായി രംഗത്ത് വന്നു. ഇതോടെ ദേശീയ നേത്യത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ പരസ്യപ്പോരിലേക്ക് നീങ്ങി.
ശ്രേയാംസ് കുമാറിനെ നീക്കി പകരം വർഗീസ് ജോർജ്ജിനെ സംസ്ഥാന അധ്യക്ഷനാക്കിയതായി ദേശീയ പ്രസിഡന്റ് ഫത്തേ സിങ്ങാണ് അറിയിച്ചത്. ശ്രേയാംസിനെ ദേശീയ ജനറൽ സെക്രട്ടറിയായി നിശ്ചയിച്ചതായും വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ദേശീയ നേതൃത്വത്തിന് ഇതിന് അധികാരമില്ലെന്ന് കാട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസും വാർത്താക്കുറിപ്പ് ഇറക്കി. റഫറണ്ടത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന അധ്യക്ഷനെ മാറ്റാനുള്ള തീരുമാനം തള്ളിക്കളയുന്നതായി കേരള ഘടകം അറിയിച്ചു.
തങ്ങളുമായി ആലോചനകൾ നടത്താത്ത ശ്രേയാംസിന്റെ നിലപാടിലുള്ള അതൃപ്തിയാണ് ദേശീയ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ. ജനതാദൾ എസുമായുള്ള ലയന ചർച്ചകളെ ചൊല്ലിയും പാർട്ടിയിൽ അതൃപ്തി പുകയുന്നുണ്ട്.