പത്തനംതിട്ട : കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തദ്ദേശസ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല. പ്രാദേശികമായി ജാഗ്രതാസമിതികള്‍ രൂപീകരിച്ച് കാട്ടുപന്നികളെ വെടിവെയ്‌ക്കാനും സംസ്‌കരിക്കാനുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. കര്‍ഷകരുടെ നിരന്തര പരാതികള്‍ പരിഗണിച്ച് കേന്ദ്ര വനം, വന്യജീവി വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി ഉപാധികളോടെ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇരുപതില്‍ താഴെ പഞ്ചായത്തുകളില്‍ മാത്രമാണ് ജാഗ്രതാസമിതികള്‍ രൂപീകരിച്ചത്. ഇതില്‍ പലതും പ്രവര്‍ത്തിക്കുന്നുമില്ല. കാട്ടുപന്നികള്‍ ഇപ്പോള്‍ വാഹനയാത്രികര്‍ക്ക് പോലും ഭീഷണിയായിരിക്കുന്നു. നാട്ടുപ്രദേശങ്ങളിലെ പുറമ്പോക്കിലും കാടുപിടിച്ച പറമ്പുകളിലുമാണ് ഇവയുടെ താവളം. രാത്രിയിലിറങ്ങി കൃഷി നശിപ്പിക്കുന്നു.
പൊതുകാര്‍ഷിക വിപണിയില്‍ നാട്ടുവിളകള്‍ വന്‍തോതില്‍ കുറഞ്ഞത് കാട്ടുപന്നികളുടെ ശല്യം കാരണമാണെന്ന് കര്‍ഷകര്‍ പറയുന്നു. പരാതികള്‍ ഏറിയതോടെ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി. ഇതനുസരിച്ച് ജില്ലയില്‍ തോക്ക് ലൈസന്‍സുള്ളവരുടെ യോഗം ജില്ലാപഞ്ചായത്ത് ഓഫീസില്‍ ഫോറസ്‌റ്റ്, പോലീസ്, റവന്യു ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന് പന്നികളെ വെടിവെയ്‌ക്കാന്‍ പരിശീലനം നല്‍കാന്‍ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തി. എന്നാല്‍ മൂന്ന് പേര്‍ മാത്രമാണ് പരിശീലനത്തിന് എത്തിയത്.