കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയത്തിൽ കൂടുതൽ ചിത്രം വ്യക്തമാകുമ്പോൾ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ നേരിടുവാൻ തയാറെടുക്കുകയാണ് മുന്നണികളും സ്ഥാനാർത്ഥികളും. കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വ്യക്തത ഉണ്ടാകുമ്പോളും എതിർപാർട്ടികൾ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനായി നെട്ടോട്ടത്തിലാണ്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ വലിയ പ്രധാന്യമാണുള്ളത്. തിരഞ്ഞെടുപ്പിൽ വീടുകളിൽ എത്തി സ്ഥാനാർത്ഥികൾ വോട്ട് ചോദിക്കുന്നതിനോടൊപ്പം തന്നെ ഫേസ്ബുക്, വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഏറെയും പ്രചരണങ്ങൾ നടക്കുന്നത്.
സ്ഥാനാർത്ഥികളുടെ ചത്രങ്ങളും ചിഹ്നങ്ങളും പതിപ്പിച്ച പോസ്സറുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ ഏകദേശം എല്ലാ പഞ്ചായത്തുകളിലും സ്ഥാനാർഥി നിർണ്ണയ ചർച്ചകളും പൂർത്തിയായിക്കഴിഞ്ഞു. സ്ഥാനാർഥി നിർണ്ണയം പൂർത്തിയായ പഞ്ചായത്തുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകൾ കയറി സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിക്കുവാനും തുടങ്ങിയിട്ടുണ്ട്. സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ എല്ലാ സ്ഥലങ്ങളിലും പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ.