തിരുവനന്തപുരം : എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചാല്‍ സിപിഐ എം വിരുദ്ധ മുന്നണിയായ യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സിപിഐഎം ഇക്കാര്യം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി ചൂണ്ടിക്കാട്ടിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം.
കോണ്‍ഗ്രസില്‍ നടക്കുന്ന കലാപം ഡിസിസി പ്രസിഡന്റുമാരെ എഐസിസി നേതൃത്വം നാമനിര്‍ദേശം ചെയ്തതിന്റെ പേരിലാണെങ്കിലും കുറെക്കാലമായി കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന വിവിധ ചേരികള്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ പുതിയഘട്ടമാണ് ഇത്.
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നേതൃത്വം നല്‍കിയ എ, ഐ ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ വീതംവച്ചെടുക്കുന്ന മുന്‍രീതി മാറി. ഗ്രൂപ്പുകള്‍ക്കപ്പുറത്ത് പുതിയ ഗ്രൂപ്പുകള്‍ രൂപംകൊണ്ടു.
ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിലൂടെ ജനസമ്മതി ആര്‍ജിച്ച നേതൃത്വമെന്ന നിലയിലല്ല പ്രബല നേതാക്കന്‍മാര്‍ക്ക് ചുറ്റും അണിനിരന്ന് നിയമനം കരസ്ഥമാക്കിയവരുടെ കൂട്ടമെന്ന നിലയിലാണ് ഇന്നത്തെ അവരുടെ നേതൃത്വം പ്രവര്‍ത്തിക്കുന്നത്.എ വിജയരാഘവന്‍ പറഞ്ഞു.
‘സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ച് രമേശ് ചെന്നിത്തല ഇപ്പോള്‍ സംസാരിക്കുന്നത് തനിക്കും തന്റെ ഗ്രൂപ്പിലുള്ളവര്‍ക്കും സ്ഥാനം നഷ്ടപ്പെടുന്നതുകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്? ജനാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപങ്ങള്‍ക്ക് അറുതിയുണ്ടാകില്ലെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടില്ല.
തലപ്പത്ത് അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് ‘ഗ്രൂപ്പ് 23’ എന്നപേരില്‍ ഒരുസംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. ഗുലാംനബി ആസാദ്, കപില്‍ സിബല്‍ തുടങ്ങിയ പ്രമുഖരാണ് ഈ ഗ്രൂപ്പിലുള്ളത്. സംഘടനയില്‍ ജനാധിപത്യം വേണമെന്ന് ഈ സമ്മര്‍ദ ഗ്രൂപ്പ് ആവശ്യപ്പെട്ടാലും ഫലം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനത്തെ സ്ഥിതി പരിശോധിച്ചാലും ഗ്രൂപ്പുതര്‍ക്കങ്ങള്‍ വര്‍ധിക്കുന്നത് കാണാനാകും. ബിജെപിക്കെതിരെ ബദല്‍ നയങ്ങള്‍ ഉയര്‍ത്തുന്നതിനു പകരം തെരഞ്ഞെടുപ്പുവിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ നേതൃത്വത്തിലേക്ക് എടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങളുടെ പേരിലൊന്നും കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവുമില്ല. ബിജെപിയോടുള്ള മൃദുസമീപനത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കമില്ല. ഒരേസമയം ബിജെപിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും തോളില്‍ കൈയിടുന്ന നയത്തിലും യോജിപ്പാണ്’. വിജയരാഘവന്‍ പറഞ്ഞു.