തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന ഉത്തരവിട്ട ധനവകുപ്പിനെ പിന്തുണച്ച് തോമസ് ഐസക്ക്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള തനത് ഫണ്ട് ട്രഷറിയിൽ സൂക്ഷിക്കുന്നതാണ് ഗുണകരമെന്ന് അദ്ദേഹം പ്രതികരിച്ചു. അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്നുവെന്ന ആക്ഷേപങ്ങളെ തളളിയ ഐസക്ക് ട്രഷറിയിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്നും വിശദീകരിച്ചു.
കഴിഞ്ഞ 18നാണ് ധനവകുപ്പ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന ഉത്തരവ് ഇറക്കിയത്. ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാനാണ് നിർദ്ദേശം. ഉത്തരവിൽ തദ്ദേശവകുപ്പ് അതൃപ്തി അറിയിച്ചിരുന്നു. ധനവകുപ്പ് ഏകപക്ഷീയമായി എടുത്ത തീരുമാനം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് തദ്ദേശവകുപ്പിന്റെ ആക്ഷേപം.
തദ്ദേശവകുപ്പ് അറിയാതെ വകുപ്പിൽ ധനവകുപ്പ് കൈകടത്തിയെന്നും പുതിയ ഉത്തരവ് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നുമാണ് വകുപ്പിന്റെ ആശങ്ക. കൊവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പടെ നടത്തിയത് തനത് ഫണ്ട് ഉപയോഗിച്ചാണ്. ഇതെല്ലാം പുതിയ ഉത്തരവിലൂടെ പ്രതിസന്ധിയിലാകുമെന്നതിലും തദ്ദേശവകുപ്പിന് ആശങ്കയുണ്ട്.