തിരുവനന്തപുരം : കോവിഡ് ബാധിതരുടെ ശരീരത്തിലെ ഓക്സിജൻ അളവു പരിശോധിക്കാൻ ഉപയോഗിക്കുന്ന പൾസ് ഓക്സിമീറ്ററുകളുടെ ക്ഷാമം പരിഹരിക്കാൻ തദ്ദേശ വകുപ്പ് ‘പൾസ് ഓക്സിമീറ്റർ ചാലഞ്ച്’ ആരംഭിക്കുന്നു. ഇവ കൈവശമുള്ള സ്വകാര്യ വ്യക്തികളിൽ നിന്നു കടമായി തദ്ദേശസ്ഥാപനങ്ങൾ ഓക്സിമീറ്റർ വാങ്ങി പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങൾക്കു കൈമാറുന്നതാണു ചാലഞ്ച്.
ഇതിനകം നെഗറ്റീവായവരിൽ നിന്ന് അവർക്ക് ആവശ്യം വരുന്ന സമയത്തു തിരികെ നൽകാം എന്ന വ്യവസ്ഥയിലാണ് ഇവ ശേഖരിക്കുക. തദ്ദേശസ്ഥാപനങ്ങൾ ഓക്സിമീറ്ററുകൾ വാങ്ങി സൂക്ഷിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിനു ലഭിക്കുന്നില്ല.
തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നടത്തിയ കോവിഡ് വാർ റൂം പ്രതിദിന ഓൺലൈൻ യോഗത്തിൽ ഇക്കാര്യം ചർച്ചയാതിനെ തുടർന്നാണ് ‘പൾസ് ഓക്സിമീറ്റർ ചാലഞ്ച്’ ആരംഭിച്ചത്. കോവിഡ് ബാധിതരും അല്ലാത്തവരുമായ ഒട്ടേറെ പേർ ഓക്സിമീറ്ററുകൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇവ പൊതു ആവശ്യത്തിനായി കൈമാറാൻ പ്രേരിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടിയും സർക്കാർതലത്തിൽ ആരംഭിക്കും.