പാലക്കാട് : പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി. കെ രാധാകൃഷ്ണൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ടോൾ പ്ലാസയിൽ നിന്നും 7.5 മുതൽ 9.4 കിലോമീറ്റർ ചുറ്റളവിൽ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ ഏകോപിപ്പിച്ച് പരിധി നിശ്ചയിച്ചു. ഈ പരിധിയിൽ വരുന്ന പ്രദേശവാസികൾക്കാണ് സൗജന്യ യാത്ര അനുവദിക്കുക. ഇത് പ്രകാരം നിശ്ചയിച്ച സ്ഥലത്തിന്റെ പരിധിയിലുള്ളവർക്ക് രേഖകൾ ടോൾ പ്ലാസയിൽ സമർപ്പിക്കാം. സൗജന്യ യാത്രയ്ക്ക് പുറത്തുള്ള 20 കിലോമീറ്റർ ചുറ്റളവിൽ സമീപ പഞ്ചായത്തുകളിൽ ഉള്ളവർക്ക് 350 രൂപ മാസ പാസ് എടുത്ത് ഒരു മാസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.
കഴിഞ്ഞമാസം നടത്തിയ ചർച്ചയിൽ ഏഴര കിലോമീറ്റർ വരെയുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് പന്നിയങ്കരയിലെ കരാർ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ദേശീയപാത നിർമ്മാണത്തിനായി സ്ഥലംവിട്ടു നൽകിയ പ്രദേശവാസികളായ പത്ത് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ടോൾ പ്ലാസയിലൂടെ സൗജന്യ യാത്ര വേണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പ്രവർത്തകരും ജനപ്രതിനിധികളും പിന്നോട്ട് പോയില്ല. പിന്നാലെ നടത്തിയ ചർച്ചയിലാണ് ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കിയത്.