പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന വിപണന കലാമേളയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സ്റ്റാള്‍ ശ്രദ്ധ നേടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് എന്റെ കേരളം 2025 പ്രദര്‍ശന വിപണന കലാമേള പത്തനംതിട്ട ശബരിമല ഇടത്താവളം ഗ്രൌണ്ടില്‍ നടന്നുവരുന്നത്. ജില്ലയില്‍ നഗരാസൂത്രണ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സ്റ്റാള്‍. തിരുവല്ല, പന്തളം നഗരസഭകളുടെ സർക്കാർ അംഗീകാരം നേടിയ മാസ്റ്റർ പ്ലാനുകൾ, പത്തനംതിട്ട, അടൂർ നഗരസഭകളുടെ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായുള്ള റിസ്ക് ഇൻഫോർമ്ഡ് മാസ്റ്റർ പ്ലാൻ പ്രോജക്ടുകൾ എന്നിവ അതിമനോഹരമായി ദൃശ്യാവത്ക്കരിച്ചിരിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ എല്ലാ നഗരാസൂത്രണ പദ്ധതികളും ഈ കാലയളവിൽ റിവിഷൻ പൂർത്തീകരിച്ചതിന്റെ നേട്ടവും എടുത്തു കാട്ടിയിട്ടുണ്ട്. പത്തനംതിട്ട നഗര കേന്ദ്രത്തിന്റെ മോഡല്‍ പ്രദർശിപ്പിക്കുന്നത് വിദ്യാർത്ഥികളുടേയും പൊതുജനങ്ങളുടേയും പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായണനാണ് സ്റ്റാളിന്റെ ഉത്ഘാടനം നിർവ്വഹിച്ചത്. എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, എ.ഡി.എം, ഡെപ്യൂട്ടി കളക്ടർമാർ, വ്യവസായ കേന്ദ്രം ജനറൽ മാനേജർ, മറ്റു വകുപ്പ് തല ഉദ്ദ്യോഗസ്ഥർ, പൌരപ്രമുഖർ, ജനപ്രതിനിധികൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്റ്റാൾ സന്ദർശിക്കുകയും ജില്ലയുടെ വികസനം സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.