കോന്നി : വ്യാജമദ്യ റെയ്ഡിനിടയില്‍ പ്രതി എക്സൈസിനെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. സംഭവത്തിൽ ഏഴാംതല നെടുവിനാൽ വീട്ടിൽ കുഞ്ഞുപിള്ള മകൻ ഗോപി(45)ക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തേക്കുതോട്ടിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗോപിയെ ചാരായ വിൽപ്പനയ്ക്കിടെ എക്സൈസ് സംഘം ബൈക്കിൽ എത്തി പിടികൂടുവാൻ ശ്രമിച്ചെങ്കിലും പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രക്ഷപെടുകയായിരുന്നു. തോക്ക് കേസ് ഉൾപ്പെടെ നിലവിലുള്ള ഇയാൾ ലോക്ഡൌൺ തുടങ്ങിയ കാലം മുതൽ വാറ്റുചാരായ വിൽപ്പന നടത്തി വരുകയായിരുന്നു എന്ന് എക്സൈസ് പറയുന്നു. എക്സൈസിന്റെ നീക്കങ്ങൾ അറിയുവാൻ തേക്കുതോട് ജംഗ്ഷനിൽ മറ്റൊരാളെ കാവൽ നിർത്തിയാണ് ഇയാൾ വ്യാജവാറ്റ് നടത്തിയിരുന്നത്.
ഒരുകുപ്പി ചാരായത്തിന് 1500 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ആറ് ലിറ്റർ ചാരായം പിടികൂടുകയും ചെയ്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വി എസ് രാഹുൽ, എം മുകേഷ് എന്നിവർ പങ്കെടുത്തു.