കോഴിക്കോട് : നമ്മുടെ ചുറ്റുവട്ടങ്ങളില്‍ മഴയും കാറ്റും വരുമോയെന്ന് മുന്‍കൂട്ടി അറിയാം, മുന്‍കരുതല്‍ നടപടികളാവാം .തത്സമയ കാലാവസ്ഥാ വിവരങ്ങളും പ്രവചനങ്ങളും ഓണ്‍ലൈനില്‍ മനസ്സിലാക്കാം. ജില്ലയില്‍ കോഴിക്കോട് ബീച്ച്, കുന്നമംഗലം, കക്കയം, തിരുവമ്പാടി ഉറുമി എന്നിവിടങ്ങളിലാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങള്‍ തുറന്നത്. ഇന്ത്യന്‍ മെറ്ററോളജിക്കല്‍ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നാണ് സജ്ജമാക്കിയത്.
കര്‍ഷകര്‍ക്ക് മഴ സംബന്ധിച്ച് പ്രാദേശിക വിവരങ്ങള്‍ കൈമാറുകയാണ് കേന്ദ്രങ്ങളുടെ പ്രധാന ദൗത്യം. രണ്ടാഴ്ചമുമ്ബാണ് നാലാമത് കേന്ദ്രമായ കുന്നമംഗലത്തെ സെന്റര്‍ പൂര്‍ണരീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലാണ് (സിഡബ്ല്യുആര്‍ഡിഎം) കേന്ദ്രം സജ്ജമാക്കിയത്. 2018ലെ പ്രളയത്തിന് പിന്നാലെ കേരളത്തിലുടനീളം 100 ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ (എഡബ്ല്യുഎസ്) സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെ 100 ചതുരശ്രമീറ്ററില്‍ ടവറും ഉപകരണങ്ങളും സ്ഥാപിച്ചാണ് കേന്ദ്രങ്ങളൊരുക്കിയത്.
വായുവിന്റെ താപനില, ആപേക്ഷിക ആര്‍ദ്രത, അന്തരീക്ഷമര്‍ദം, കാറ്റിന്റെ വേഗം, ദിശ, മഴ, സൗരവികിരണം എന്നിവ ഉള്‍പ്പെടെയുള്ള ഉപരിതല കാലാവസ്ഥാ വിവരങ്ങള്‍ 15 മിനിറ്റ് ഇടവേളയില്‍ കേന്ദ്രങ്ങള്‍ ശേഖരിക്കും. ഇവ തത്സമയം പുണെയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ വുകപ്പില്‍ സ്വീകരിക്കും. തുടര്‍ന്നിത് അവലോകനം ചെയ്ത് ക്രോഡീകരിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ (https://aws.imd.gov.in) ലഭ്യമാക്കും.