റാന്നി: തുടര്‍ച്ചയായി കുടിവെള്ളം കിട്ടാതായതോടെ പ്രധാന റോഡ് ഉപരോധിച്ച് നാട്ടുകാര്‍. ചെത്തോങ്കര-അത്തിക്കയം റോഡില്‍ കരികുളത്ത് ഇന്ന് രാവിലെ 9.30യോടാണ് കുടിവെള്ളം കിട്ടാത്തതിനെതിരെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. റോഡുപരോധിച്ചവരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതിന് പത്തോളം പേരുടെ പേരില്‍ കേസെടുത്ത പോലീസ് ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മൂന്നു മാസത്തോളമായി പഴവങ്ങാടി പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ കരികുളത്ത് കുടിവെള്ള പ്രതിസന്ധി തുടങ്ങിയിട്ട്. ഇടക്കിടെ പൈപ്പിലൂടെ വെള്ളം എത്തുമെങ്കിലും നാട്ടുകാര്‍ ശേഖരിക്കുന്നതിനു മുമ്പേ ഇത് നിലയ്ക്കും. പിന്നീട് ജനങ്ങളുടെ ആവശ്യത്തിന് ടാങ്കര്‍ വെള്ളമാണ് ആശ്രയം.
വിഷയം ജനപ്രതിനിധികളുടേയും ജലഅതോറിറ്റി അധികൃതരുടേയും ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും പരിഹാരമായില്ല. നിലവില്‍ ഉണ്ടായിരുന്ന വാല്‍വ് ഓപ്പറേറ്ററെ മാറ്റി രാഷ്ട്രീയ താത്പര്യത്തിന്‍റെ പേരില്‍ പുതിയ ആളിനെ നിയമിച്ചതോടെയാണ് കുടിവെള്ള പ്രതിസന്ധി ആരംഭിക്കുന്നത്. ചിലരുടെ കൃഷിയിടങ്ങളിലേക്ക് അധികമായി വെള്ളം വേണമെന്ന ആവശ്യം നിരാകരിച്ചതാണ് വാല്‍വ് ഓപ്പറേറ്ററെ മാറ്റാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ജല അതോറിറ്റി ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതാണ് ഇയാളെ മാറ്റാന്‍ കാരണമെന്നും സൂചനയുണ്ട്. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് പോലീസിന്‍റെയും ജലഅതോറിറ്റി ഉദ്യോഗസ്ഥരുടേയും നീക്കം. കുടിവെള്ളം കൃത്യമായ ഇടവേളകളില്‍ ലഭിക്കണമെന്നും അല്ലാത്ത പക്ഷം ജലഅതോറിറ്റി ഓഫീസ് ഉപരോധിക്കുമെന്നും സമര പരിപാടികളില്‍ നിന്നും പിന്നോട്ടില്ലെന്നുമുള്ള നിലപാടിലാണ് നാട്ടുകാര്‍.