റാന്നി: പുതുശ്ശേരിമല പാണ്ഡ്യന്‍പാറയിലെ സ്ഫോടനത്തില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍. എന്നാല്‍ സംഭവത്തില്‍ പരിശോധന നടത്തിയതായും പാചകവാതകത്തിന്‍റെ ചെറിയ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നും ദുരൂഹത ഇല്ലെന്നുമാണ് റാന്നി പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കി സ്ഫോടനം ഉണ്ടാകുന്നത്. പഴയ സാധനങ്ങള്‍ കൂട്ടിയിട്ട് തീ കൊടുത്തപ്പോൾ ഉപയോഗമില്ലാതെ കിടന്ന ചെറിയ സിലിണ്ടര്‍ പൊട്ടിതെറിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പാണ്ഡ്യന്‍പാറയിലെ സ്ഫോടനം നടന്ന വീട്ടിലേക്ക് പുറത്തുനിന്നുമുള്ളവര്‍ക്ക് പ്രവേശനമില്ല. ധാരാളം ദുരൂഹത നിലനില്‍ക്കുന്ന വീട് കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്ഫോടനം അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ ഒപ്പിട്ട പരാതി പോലീസില്‍ നല്‍കിയതായി പറയുന്നു.
ഈ വീട്ടിലെ താമസക്കാരെ പറ്റി വലിയ ദുരൂഹതയാണ് പ്രദേശത്തുള്ളത്. പച്ച നെറ്റ്‌കൊണ്ട് അതിരുകൾ മറച്ച വീടാണിത്. സ്ഫോടനം ശബ്ദം ഉണ്ടായതിന് പിന്നാലെ ആരോ ചിലര്‍ ഇവിടെ നിന്നും ഇറങ്ങി ഓടിയതായി നാട്ടുകാർ പറയുന്നുണ്ട്. ധാരാളം നായകളെ വീട്ടുവളപ്പില്‍ വളര്‍ത്തുന്നതിനാല്‍ പുറത്തു നിന്നും ആര്‍ക്കും ഉള്ളിലേക്ക് കടക്കാനാവില്ല. ഇതാണ് നാട്ടുകാര്‍ ദുരൂഹത ആരോപിക്കാനുള്ള പ്രധാന കാരണം. സ്ഥലം സന്ദര്‍ശിച്ച റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡംഗവും ഉൾപ്പെടെയുള്ള അധികൃതരും ദുരൂഹത ശരിവെക്കുന്നുണ്ട്. അനധികൃതമായി നായകളെ വളര്‍ത്തുന്നതും മാലിന്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും പരാതിയുണ്ട്. സംഭവത്തില്‍ പഞ്ചായത്തും ആരോഗ്യവകുപ്പും അന്വേഷണം നടത്തുമെന്നാണ് സൂചന.