മല്ലപ്പള്ളി : പവ്വത്തിപ്പടി റോഡ് നന്നാക്കി നാട്ടുകാര്‍. കീഴ്‌വായ്പൂരുനിന്ന് മല്ലപ്പള്ളി -ചെറുകോൽപ്പുഴ റോഡിലെ പവ്വത്തിപ്പടിക്കുള്ള പാതയാണ് പിരിവെടുത്ത് ഗതാഗതയോഗ്യമാക്കിയത്. മാർത്തോമ്മാ പള്ളി ജംഗ്ഷന്‍ മുതൽ പവ്വത്തിപ്പടി വരെയുള്ള ഭാഗത്താണ് പ്രശ്നമേറെയും. റോഡ് കുറുകെ മുറിച്ച സ്ഥലങ്ങളിൽ മണ്ണ് കൂട്ടിവെച്ചത് അതേപടി നിൽക്കുന്നു. പലയിടത്തും കുഴികളുണ്ട്. പള്ളിപ്പടിക്ക് സമീപം കലുങ്കുണ്ടായിരുന്നത് കാണാനില്ല. ഇവിടെ പാറമട അവശിഷ്ടങ്ങൾ ബണ്ടുപോലെ കിടക്കുന്നു. ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ സൂക്ഷിച്ചില്ലെങ്കിൽ മറിയുമെന്നുറപ്പാണ്. പൈപ്പിടാനെടുത്ത കുഴികൾ മണ്ണിട്ട് നിറച്ചതല്ലാതെ ഒന്നുംചെയ്തിട്ടില്ല.
വലിയ വാഹനങ്ങൾ താഴ്‌ന്നുപോകാൻ സാധ്യതയുണ്ട്. പവ്വത്തിപ്പടി കവലയ്ക്കുതാഴെയുള്ള കലുങ്കിന്റെ അടിയിലെ കരിങ്കൽകെട്ട് തകർന്നുവീണ് ഉള്ളിലേക്ക് ഗുഹപോലെയായിരിക്കയാണ്. വീതി വർധിപ്പിച്ച് ഉന്നതനിലവാരത്തിൽ നവീകരിക്കാമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. ജനപ്രതിനിധികളും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. അടുത്തിടെ കീഴ്‌വായ്പൂര് കവലയിൽ റോഡ് ഉപരോധം നടത്തി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. എന്നിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടർന്നതിനാലാണ് കുഴികൾ പാറമട അവശിഷ്ടങ്ങളിട്ടു നികത്തി റോഡുറോളർ ഉപയോഗിച്ച് ഉറപ്പിച്ച് യാത്രായോഗ്യമാക്കിയത്.