അടൂർ : ഏറത്ത് പഞ്ചായത്തിലെ തുവയൂർ വടക്ക് നൂറോളം നായ്ക്കളുമായി അമ്മയും മകനും വീട്ടിനുള്ളിൽ. നാട്ടുകാർ വീട് വളഞ്ഞു. 22ന് മുമ്പ് നായ്ക്കളെ വീട്ടിൽ നിന്നും മാറ്റാമെന്ന രേഖാമൂലമുള്ള ഉറപ്പിൽ നാട്ടുകാർ പിരിഞ്ഞു. തുവയൂർ വടക്ക് പാലവിളയിൽ പരേതനായ തുളസിധരന്റെ വീട് വാടകയ്ക്കടുത്താണ് കോഴഞ്ചേരി സ്വദേശിയായ അമ്മയും മകനും നൂറോളം നായ്ക്കളുമായി വീട്ടിനുള്ളിൽ കഴിയുന്നത്. ജനലുകളും കതകുകളും അടച്ച് നായ്ക്കളോടൊപ്പമാണ് ഇവർ കഴിയുന്നത്. 50ഓളം വലിയ നായ്ക്കളും 40ലധികം ചെറിയ നായ്ക്കളും വീടിനുള്ളിൽ ഉണ്ട്. പുറത്തുള്ള കൂട്ടിൽ ഒരു നായും വീടിന് മുൻവശത്തെ പ്രധാന വാതിലിൽ പുറത്ത് ഒരു നായുമുണ്ട്.
ആരെങ്കിലും എത്തിയൽ അറിയാനുള്ള മാർഗമായാണ് ഇവയെ പുറത്ത് ഇട്ടിരിക്കുന്നത്. പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണെന്ന് സമീപവാസികൾ പറയുന്നു. മുൻ പഞ്ചായത്ത് മെമ്പര്‍ കൂടിയായ തുളസിധരനും ഭാര്യയും മരിച്ചതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. തുളസിധരന്റെ ഇവർക്ക് മകനാണ് വീട് വാടകക്ക് നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് ആമ്പാടി, വാർഡ് മെമ്പര്‍ ഉഷ ഉദയൻ, അനീഷ് രാജ്, രാജേഷ് മണക്കാല എന്നിവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് മാർച്ച് 22ന് മുമ്പ് നായ്ക്കളെ വീട്ടിൽനിന്നും മാറ്റാമെന്ന് ഇവർ രേഖാമൂലം ഉറപ്പ് നൽകിയത്.