കോന്നി: കൂടൽ പാക്കണ്ടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാവിലെ 8 ന് റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ടാപ്പിംഗ് തൊഴിലാളിയാണ് പുലിയെ കണ്ടതായി പറയുന്നത്. പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി വിവരം ലഭിച്ചതോടെ നടുവത്തുമുഴി ഫോറസ്റ്റ് റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ നിന്ന് വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകിട്ട് 6 30ന് പാകണ്ടത്ത് പാറയുടെ മുകളിൽ പുലി നിൽക്കുന്ന ദൃശ്യം നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
പാക്കണ്ടം നിരവേൽ മനോജിന്റെ ഭാര്യയും മകനും ആണ് പുലിയെ കണ്ടത്. കൂടൽ രാക്ഷസൻപാറയുടെ ഭാഗമായ ആനപ്പാറയുടെ മുകളിലാണ് പുലി നിൽക്കുന്ന വീഡിയോ ദൃശ്യം ലഭ്യമായത്. തുടർന്ന് നടുവത്തുമൂഴി റേഞ്ചിലെ വനപാലകസംഘവും കോന്നിയിൽ നിന്നും എത്തിയ സ്ട്രൈക്കിംഗ് ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും പാറയുടെ മുകളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി വാർത്ത പരന്നതോടെ പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.