പത്തനംതിട്ട : ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 17 വ്യാഴം മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണു കളക്ടര്‍ തീരുമാനം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് പുതിയ
നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍(കാറ്റഗറി എ) എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.) ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെയുള്ള(കാറ്റഗറി ബി) തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.) ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 മുതല്‍ 30 ശതമാനം വരെയുള്ള(കാറ്റഗറി സി) അതിവ്യാപന പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. തുണിക്കട, ചെരുപ്പ്കട, സ്വര്‍ണ്ണക്കട, പഠന സാമഗ്രികളുടെ കടകള്‍, റിപ്പയര്‍ – സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള(കാറ്റഗറി ഡി) തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആര്‍ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണും ടി.പി.ആര്‍ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആര്‍ നിരക്ക് എട്ടില്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
പത്തനംതിട്ടയില്‍ കാറ്റഗറി എ മുതല്‍ സി വരെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ മാത്രം
പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ അടിസ്ഥാനത്തില്‍ കാറ്റഗറി എ മുതല്‍ സി വരെയുള്ള മേഖലകളായി തിരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയില്‍ ഇല്ലാത്തതിനാല്‍ കാറ്റഗറി ഡിയില്‍ ഒരു മേഖലയേയും ഉള്‍പ്പെടുത്തിയിട്ടില്ല.
കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍:
അടൂര്‍ നഗരസഭ, പുറമറ്റം, നാരങ്ങാനം, നിരണം, തുമ്പമണ്‍, തണ്ണിത്തോട്, കുളനട, അയിരൂര്‍, മല്ലപ്പള്ളി, കോയിപ്രം, പന്തളം തെക്കേക്കര പഞ്ചായത്തുകള്‍.
കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍:
തിരുവല്ല, പത്തനംതിട്ട, പന്തളം നഗരസഭകള്‍, എഴുമറ്റൂര്‍, ഏഴംകുളം, റാന്നി പഴവങ്ങാടി, പെരിങ്ങര, തോട്ടപ്പുഴശ്ശേരി, റാന്നി അങ്ങാടി, മൈലപ്ര, കുന്നന്താനം, കൊടുമണ്‍, പ്രമാടം, കടപ്ര, കവിയൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോന്നി, ഓമല്ലൂര്‍, കല്ലൂപ്പാറ, അരുവാപ്പുലം, കലഞ്ഞൂര്‍, മലയാലപ്പുഴ, റാന്നി, നെടുമ്പ്രം, വെച്ചൂച്ചിറ, വടശ്ശേരിക്കര, ഏറത്ത്, കൊറ്റനാട്, റാന്നി പെരുനാട്, ആറന്മുള, ഏനാദിമംഗലം, കോട്ടാങ്ങല്‍, കടമ്പനാട്, കോഴഞ്ചേരി, ചെറുകോല്‍, പള്ളിക്കല്‍, വള്ളിക്കോട്, ചിറ്റാര്‍, ഇരവിപേരൂര്‍, മല്ലപ്പുഴശ്ശേരി, മെഴുവേലി പഞ്ചായത്തുകള്‍.
കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍:
സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകള്‍. ഈ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും. ട്രിപ്പിള്‍ ലോക്ഡൗണ്‍ പരിധിയില്‍ വരുന്ന കാറ്റഗറി ഡിയില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നില്ല.
ലോക്ക്ഡൗണ്‍ ലഘൂകരിക്കുമ്പോള്‍ കടകമ്പോളങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കാന്‍ ജനങ്ങളും കടയുടമകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡിഎംഒ (ആരോഗ്യം) ഡോ.എഎല്‍ ഷീജ, ഡിഡിപി:എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ: ഡോ. സിഎസ് നന്ദിനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.