പത്തനംതിട്ട : ഒന്നര മാസത്തോളം നീണ്ട അടച്ചിടലിനു ശേഷം നിയന്ത്രണങ്ങളോടെ ജനജീവിതത്തിന്റെ വാതിലുകള്‍ തുറന്നിട്ടുവെങ്കിലും കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടാകരുതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. മൂന്നാം ഘട്ട വ്യാപനമെന്ന മുന്നറിയിപ്പുകൂടി കണക്കിലെടുത്ത് പ്രതിരോധവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അശ്രദ്ധയുണ്ടാവാതെ ജനങ്ങളും ഇതുമായി ബന്ധപ്പെട്ട കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ചയുണ്ടാവാതെ പോലീസും ജാഗ്രത പുലര്‍ത്തണം. ജാഗ്രതയില്‍ ചെറുവീഴ്ചകള്‍ പോലും ഉണ്ടാവാതെ നോക്കണം.
ഇളവുകള്‍ ആഘോഷിക്കാന്‍ ജനങ്ങള്‍ മുതിരരുത്. കോവിഡ് വ്യാപനത്തിന്റെ തീവ്രതയനുസരിച്ച് പ്രാദേശികമായി ചുരുക്കിയ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കപ്പെടണം. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡി വിഭാഗത്തില്‍ വരുന്ന പ്രദേശങ്ങള്‍ ജില്ലയിലില്ല. സി വിഭാഗത്തില്‍ വരുന്ന (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20-30 ശതമാനം) തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയില്‍ നാലെണ്ണമാണുള്ളത്. സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണമ്മൂഴി പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. ഇവിടങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം. വസ്ത്രശാലകള്‍, ചെരിപ്പ് കട, ജുവലറി, ബുക്ക് ഷോപ്പുകള്‍, റിപ്പയര്‍ സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവ വെള്ളിയാഴ്ച്ചകളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ 50 ശതമാനം ജീവനക്കാരെ വെച്ചു പ്രവര്‍ത്തിപ്പിക്കാം.
8 മുതല്‍ 20 ശതമാനം വരെ ടി പി ആര്‍ ഉള്ള പ്രദേശങ്ങള്‍ ബി വിഭാഗത്തിലാണുള്ളത്. ഇക്കൂട്ടത്തില്‍ പെടുന്ന ജില്ലയിലെ പഞ്ചായത്തുകളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ആളെവച്ചു പ്രവര്‍ത്തിക്കാവുന്നതാണ്. ടി പി ആര്‍ 8 ശതമാനം വരെ വരുന്ന (എ വിഭാഗം )പഞ്ചായത്തുകളില്‍ എല്ലാ കടകള്‍ക്കും 7 മണി മുതല്‍ 7 വരെ പകുതി ജീവനക്കാരെ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇവിടങ്ങളില്‍ മാത്രമാണ് ടാക്സി ഓട്ടോ സര്‍വീസ് അനുമതിയുള്ളത്.
അതിതീവ്ര വ്യാപന മേഖലകളില്‍ ഒഴികെ ലോട്ടറി കച്ചവടം അനുവദിച്ചിട്ടുണ്ട്. ടിപിആര്‍ 30 ന് പുറത്തുള്ള പഞ്ചായത്തുകള്‍( ഡി വിഭാഗം )ജില്ലയിലില്ല. സി ഗണത്തില്‍ പെടുന്ന പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ തുടരും, പോലീസ് പരിശോധന കര്‍ശനമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. ലംഘനങ്ങള്‍ ഉണ്ടാവാതിരിക്കാനും ആള്‍ക്കൂട്ടങ്ങള്‍ തടയാനും ശക്തമായ നടപടികള്‍ തുടരാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിപിആര്‍ ഇരുപതില്‍ കൂടുതലുള്ള മേഖലകളില്‍ കര്‍ശന പരിശോധനയ്ക്കും നിരീക്ഷണത്തിനും നിര്‍ദേശിച്ചതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
യാത്രകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിപ്പിച്ച യാത്രകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അത് പോലീസ് ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ടിപിആര്‍ നിരക്ക് 8 ശതമാനത്തില്‍ കുറവുള്ള സ്ഥലങ്ങളിലേക്കും ഭാഗിക ലോക്ക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ സത്യപ്രസ്താവന കരുതേണ്ടതാണ്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളിലേക്ക് ചികിത്സ ആവശ്യങ്ങള്‍, വിവാഹം, മരണാനന്തര ചടങ്ങ്, നിര്‍മ്മാണപ്രവര്‍ത്തനം, വ്യവസായികാവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര അനുവദിക്കും. പോലീസ് പാസ് നിര്‍ബന്ധമാണ്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളിലേക്കും, നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമാണ്. പാസുകള്‍ എടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ തയാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും പാസ് ലഭിക്കും. പേര്, വിലാസം, യാത്രാ ആവശ്യം തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി വേണം അപേക്ഷ നല്‍കേണ്ടത്.